X

‘വികസനപദ്ധതി അട്ടിമറിച്ചു’; സി.പി.എം. പ്രാദേശിക നേതൃത്വത്തിനെതിരേ മുന്‍ എം.എല്‍.എ

സി.പി.എം. പ്രാദേശികനേതൃത്വത്തിന് രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രികനും മുന്‍ സി.പി.എം. സ്വതന്ത്ര എം.എല്‍.എ.യുമായ കാരാട്ട് റസാഖ്. താന്‍ എം.എല്‍.എ.യായിരിക്കെ കൊണ്ടുവന്ന സിറാജ് ഫ്‌ളൈ ഓവര്‍ കം അണ്ടര്‍പാസ് വികസനപദ്ധതി അട്ടിമറിക്കാന്‍ സി.പി.എം. പ്രാദേശികനേതൃത്വം മറ്റൊരു പാര്‍ട്ടിയുമായി കൂടിക്കാഴ്ച നടത്തി ഒത്തുകളിച്ചെന്ന് കാരാട്ട് റസാഖ് ആരോപിച്ചു.

കൊടുവള്ളി മണ്ഡലത്തിലെ വികസനമുരടിപ്പിനെതിരേ വികസനസമിതി സംഘടിപ്പിച്ച സായാഹ്നധര്‍ണയും ജനകീയസദസ്സും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്‌റ്റേറ്റ് മിനറല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വായോളി മുഹമ്മദിന്റെ സാന്നിധ്യത്തില്‍ സി.പി.എം ഏരിയാസെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, മറ്റു മുന്നണിയില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പദ്ധതിക്കെതിരേ നിലപാടെടുക്കുകയായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുതപദ്ധതി നിര്‍ത്തിവെക്കാന്‍ പൊതുമരാമത്ത് മന്ത്രി കിഫ്ബിക്ക് നിര്‍ദേശം നല്‍കിയത്. സൂപ്പര്‍മാര്‍ക്കറ്റ് മുതലാളിയുടെ കുടുംബക്കാരനായ ലോക്കല്‍ സെക്രട്ടറിക്കുവേണ്ടിയാണ് സി.പി.എം. ഏരിയാ സെക്രട്ടറി പദ്ധതിക്കെതിരേ കത്തുനല്‍കിയതെന്നും കാരാട്ട് ആരോപിച്ചു. കൊടുവള്ളിയില്‍ വികസനം വേണമെന്നാഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകളുടെ മുഖത്തടിച്ചുകൊണ്ടാണ് ആ നടപടി സ്വീകരിച്ചത്.

കൊടുവള്ളിയില്‍ വികസനം കൊണ്ടുവന്നതിന്റെ പേരില്‍മാത്രമാണ് എം.എല്‍.എ. സ്ഥാനം തനിക്കുനഷ്ടമായത്. ഏത് രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ തുറന്നുപറയുന്നതിന് ആരെയും ഭയമില്ലെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. ലീഗുമായി ഒത്തുകളിച്ച് വികസനപദ്ധതി അട്ടിമറിച്ചെന്ന് ആരോപണം.

webdesk13: