യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നീട്ടി വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇപ്പോഴുള്ള നടപ്പുപദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അമൃതഭാരത് സ്റ്റേഷനുകളുടെ അടുത്ത ഘട്ടം പട്ടികയില്‍ താനൂരിനെ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ആറ് റെയില്‍വേ സ്റ്റേഷനുകളുടെ വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം നല്‍കിയ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ മന്ത്രി അറിയിച്ചു.
നിര്‍ത്താത്ത വണ്ടികള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് മുഖ്യമായും നിവേദനത്തില്‍ ഉന്നയിച്ചത്. അതേക്കുറിച്ച് വിശദമായി എംപി മന്ത്രിയുമായി ചര്‍ച്ച നടത്തി. വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് റെയില്‍പാളത്തിന്റെ അപര്യാപ്തത കാരണം മറ്റു നിരവധി വണ്ടികളുടെ സമയത്തെയും ഓട്ടത്തെയും ബാധിക്കുമെന്ന് മന്ത്രി വിശദീകരിച്ചെങ്കിലും ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ ജനങ്ങളും ആശ്രയിക്കുന്ന മര്‍മ്മപ്രധാനമായ സ്റ്റേഷന്‍ എന്ന നിലയില്‍ തിരൂരില്‍ പ്രസ്തുത വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം എംപി ആവര്‍ത്തിച്ചുന്നയിച്ചു. സംസ്ഥാനത്തെ പ്രമുഖ സ്റ്റേഷനുകളില്‍പ്പെട്ട തിരൂര്‍ ലോക്‌സഭയിലെ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞ പോലെ ദക്ഷിണേന്ത്യയിലെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന അന്‍പത് സ്റ്റേഷനുകളില്‍ ഒന്നാണ്. സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തെക്കുറിച്ച് ഇനിയും പഠിച്ച് പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.
പള്ളിപ്പുറം, തിരുന്നാവായ, താനൂര്‍ സ്റ്റേഷനുകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പരപ്പനങ്ങാടി, താനൂര്‍, കുറ്റിപ്പുറം, തിരുന്നാവായ, പള്ളിപ്പുറം എന്നീ സ്റ്റേഷനുകളിലും നിര്‍ത്താത്ത വണ്ടികള്‍ക്ക് അവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണം. പ്രസ്തുത വണ്ടികളുടെ പേരുകള്‍ നിവേദനത്തില്‍ ഉന്നയിച്ചു. ഷൊര്‍ണൂര്‍ – കണ്ണൂര്‍ റൂട്ടില്‍ കൂടുതല്‍ മെമു സര്‍വ്വീസ് ഏര്‍പ്പെടുത്താനും കോയമ്പത്തൂര്‍ – ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ വണ്ടി കോഴിക്കോട് വരെ നീട്ടാനും ദക്ഷിണേന്ത്യയിലെ തീരപ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ സഹായിക്കുംവിധം മംഗളുരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പുതിയ വണ്ടി ഏര്‍പ്പെടുത്താനും അതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാനും നടപടി യുണ്ടാകണം. ഷാര്‍ണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ രാവിലെ വേണ്ടത്ര വണ്ടികളില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ വണ്ടികളുടെ സമയം പുനര്‍ നിശ്ചയിക്കണം. കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് രാവിലെയുള്ള മാംഗളൂര്‍ മെയിലും കണ്ണൂര്‍ എക്‌സ്പ്രസും കഴിഞ്ഞാല്‍ പിന്നെ ഈ റൂട്ടില്‍ വണ്ടികളോടുന്നില്ല. വിദ്യാര്‍ത്ഥികളും തൊഴിലാളികളുമടങ്ങുന്ന നിരവധി പേര്‍ യാത്ര ചെയ്യുന്ന സമയമായതിനാല്‍ ഈ റൂട്ടില്‍ മെമു സര്‍വീസുകള്‍ ഏര്‍പ്പെടുത്തണം. കച്ചെഗുഡ – മുര്‍ദേശ്വര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ദിനേന ഓടുന്ന വണ്ടിയാക്കുക, തിരൂരിലെ വെറ്റില കച്ചവടക്കാരുടെയും തിരുന്നാവായയിലെ താമര കര്‍ഷകരുടെയും വ്യാപാരയാത്രകള്‍ക്ക് സൗകര്യപ്രദമാകുമാറ് പളനി, മധുര എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് തുടങ്ങുക, കോയമ്പത്തൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസിന്റെയും ഷൊര്‍ണൂര്‍ – കോഴിക്കോട് എക്‌സ്പ്രസിന്റെയും തൃശ്ശൂര്‍ – കോഴിക്കോട് പാസഞ്ചര്‍ വണ്ടിയുടെയും സമയം പഴയ നിലയിലേക്ക് മാറ്റി നിശ്ചയിക്കുക, നിര്‍ത്തിവെച്ച കോഴിക്കോട് മെയിന്‍ – തൃശ്ശൂര്‍ പാസഞ്ചര്‍ വണ്ടി പുന:സ്ഥാപിക്കുക, മലബാര്‍ ഭാഗത്തുനിന്ന് ചെന്നൈയിലേക്ക് ആവശ്യമായ വണ്ടികളില്ലാത്തതിനാല്‍ ഒട്ടേറെ യാത്രക്കാര്‍ക്കുള്ള വിഷമമാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.