കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിന്റെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. ഏറ്റെടുത്ത സ്ഥലത്തെ മണ്ണിന്റെ ബലം അറിയുന്നതിനുള്ള പരിശോധന ആരംഭിച്ചു. റൺവേയുടെ സുരക്ഷാമേഖല വികസിപ്പിക്കുന്നതിനായി 402.18 കോടി രൂപയ്ക്കു കേന്ദ്ര വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. അതിനുള്ള പ്രവൃത്തി ആരംഭിക്കുന്നതിനു മുന്നോടിയായാണു മണ്ണുപരിശോധന.
റൺവേയുടെ രണ്ടറ്റങ്ങളിലും സുരക്ഷാ മേഖലയായ റെസ നിലവിൽ 90 മീറ്ററാണ്. അത് 240 മീറ്ററാക്കി ദീർഘിപ്പിക്കുകയാണ് ചെയ്യാനുള്ളത്. നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിലായി 12.5 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ വികസനത്തിനായി എയർപോർട്ട് അതോറിറ്റിക്കു കൈമാറിയത്. ഈ സ്ഥലത്താണ് മണ്ണുപരിശോധന ആരംഭിച്ചത്. റെസ വികസനത്തിനായി 19 മാസമാണ് കാലാവധി നിശ്ചയിച്ചിള്ളത്. നേരത്തേ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പാലിച്ചുള്ള അപേക്ഷകർ ഉണ്ടായിരുന്നില്ല. വീണ്ടും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തു നൽകൽ നടപടി പൂർത്തിയായതിനാൽ ടെൻഡർ നടപടികൂടി പൂർത്തിയായാൽ വേഗം പ്രവൃത്തി തുടങ്ങാനാകുമെന്നാണു പ്രതീക്ഷ.