കർണാടകയിൽ ജെ.ഡി-എസ്- ബി.ജെ.പി സഖ്യത്തിലെ അനൈക്യം വെളിപ്പെടുത്തി ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു. വ്യാഴാഴ്ച ഹാസനിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ കോലാർ, മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിലാണ് ജെ.ഡി-എസ് മത്സരിക്കുന്നത്. മണ്ഡ്യയിൽ സിറ്റിങ് എം.പി സുമലതയുടെ നിസ്സഹകരണത്തെ കുറിച്ച് ദേവഗൗഡ പേരെടുത്ത് പറഞ്ഞു.
ഹാസനിൽ ബി.ജെ.പിയുടെ സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രീതംഗൗഡ ജെ.ഡി-എസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കുവേണ്ടി രംഗത്തിറങ്ങിയിട്ടില്ല. കോലാറിൽ ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾ പൊതുവേദിയിൽ തമ്മിലടിച്ചിരുന്നു. എന്നാൽ, ദേവഗൗഡയുടേത് വെറും ഊഹം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പ്രതികരിച്ചു.