X
    Categories: Video Stories

പുകഴ്ത്തിക്കൊള്ളൂ, തെരഞ്ഞെടുപ്പിനു ശേഷം സഖ്യത്തിനു വരുമെന്ന് കരുതണ്ട: മോദിയോട് ദേവെ ഗൗഡ

ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കുമെന്ന ഭീതിയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് മിക്ക സര്‍വേകളും പ്രവചിച്ച സാഹചര്യത്തില്‍ പ്രബല കക്ഷിയായ ജനതാദള്‍ സെക്യുലറുമായി (ജെ.ഡി.എസ്) തെരഞ്ഞെടുപ്പാനന്തരം സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി നീക്കങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കര്‍ണാടക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജെ.ഡി.എസ് തലവന്‍ എച്ച്.ഡി ദേവെഗൗഡയെ പുകഴ്ത്തി സംസാരിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍, തന്നെ പുകഴ്ത്തിക്കൊണ്ടുള്ള മോദിയുടെ വാക്കുകള്‍ കാര്യമാക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും ദെവെഗൗഡ പത്രസമ്മേളനത്തില്‍ പഞ്ഞു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാവില്ലെന്നും ജെ.ഡി.എസ് അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ തന്റെ രണ്ടാംഘട്ട പ്രചരണത്തിനിടെയാണ് നരേന്ദ്ര മോദി ദേവെ ഗൗഡയെ പ്രശംസ കൊണ്ട് മൂടിയത്. ‘അഹങ്കാരിയായ’ രാഹുല്‍ ഗാന്ധി ഗൗഡയെ ‘അപമാനിച്ചു’വെന്നാരോപിച്ച മോദി, മുന്‍ പ്രധാനമന്ത്രിയായ ഗൗഡയെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞു. മോദിയുടെ വാക്കുകള്‍, തെരഞ്ഞെടുപ്പാനന്തരമുള്ള സഖ്യസാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

‘എന്നെ പ്രശംസിക്കുക വഴി മോദി കന്നട ജനതയുടെ അനുഭാവം പിടിച്ചുപറ്റാനായിരിക്കും ശ്രമിക്കുന്നത്. ബി.ജെ.പിയുമായി ഞങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ധാരണയുണ്ട് എന്നതിന് തെളിവല്ല അത്. തെരഞ്ഞെടുപ്പാനന്തരം ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും മറ്റ് രാഷ്ട്രീയ സുഹൃത്തുക്കളുടെയും സഹായത്തോടെ ഞങ്ങള്‍ അധികാരത്തിലെത്തും. തൂക്കുസഭ വരുമെന്ന് കരുതുന്നില്ല. ഇക്കാര്യം ഞാന്‍ വീണ്ടും വീണ്ടും പറയുകയാണ്. സ്വന്തം നിലക്ക് സര്‍ക്കാര്‍ രൂപികരിക്കാനാവുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.’ – ഗൗഡ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: