X

ക്ഷേത്ര പരിസരത്ത് ശാഖകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദേവസ്വം ബോർഡ്

ക്ഷേത്ര പരിസരത്തെ ആര്‍എസ്എസ് ശാഖാ പരിശീലനത്തിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. ശാഖകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. പല ക്ഷേത്രങ്ങളിലും ആയുധ പരിശീലനമടക്കം നടക്കുന്നതായി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് നടപടി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ബോര്‍ഡിന്റെ അനുമതിയില്ലാതെ അനധികൃതമായി ക്ഷേത്ര വസ്തുവില്‍ കയറി ആര്‍എസ്എസും തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ കൂട്ടായ്മകളും പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കുകയും വിവരം ദേവസ്വം ബോര്‍ഡിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ആവശ്യമെങ്കില്‍ പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റേയും സേവനം ആവശ്യപ്പെടുമെന്നും സര്‍ക്കുലറിലൂടെ അറിയിച്ചു.

ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാമെന്നും ക്ഷേത്രങ്ങളില്‍ ദേവസ്വം വിജിലന്‍സ് മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് എല്‍.ഡി.എഫ്ബി.ജെ.പി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് ആര്‍.എസ്.എസിനെ നിയന്ത്രിക്കാനുള്ള സര്‍ക്കുലര്‍ പുറത്തുവരുന്നത്.

webdesk14: