X

കോടതി വിധിച്ചാലും മാനം മര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍

കോട്ടയം: കോടതി വിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ കയറേണ്ടതില്ലെന്നാണു ദേവസ്വം ബോര്‍ഡ് നിലപാടെന്നും പ്രസിഡന്റ് പറഞ്ഞു.

എല്ലാ മത വിശ്വാസവും സംരക്ഷപ്പെടണമെന്നാണ് നിലപാട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് വിഷയം ഭരണഘടനാ ബഞ്ചിന് വിട്ടത്. 10 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകളെ കയറ്റാന്‍ പാടില്ലെന്നാണ് നിലപാട്. സുരക്ഷയും ആചാരവുമാണ് പ്രശ്‌നമെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുല്യതയും ആരാധനാ സ്വാതന്ത്ര്യവുമടക്കം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുണ്ടോയെന്നു പരിശോധിക്കും. ക്ഷേത്രപ്രവേശനച്ചട്ടങ്ങളിലെ വ്യവസ്ഥകളും പരിശോധിക്കുമെന്നു ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് വിശാല ഭരണഘടനാ ബഞ്ചിനു വിട്ട സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആലുവയില്‍ പറഞ്ഞു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചമില്ല എന്ന ശക്തമായ നിലപാടാണു സര്‍ക്കാരിന്റേത്. അതില്‍ ഉറച്ച് നില്‍ക്കും. കേസിനാവശ്യമായ രേഖകളും വിവരങ്ങളും കോടതി ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: