അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.
വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.
ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.