X

ശബരിമല വിധി: സര്‍ക്കാര്‍ നിലപാടിനൊപ്പമെന്ന് ദേവസ്വംബോര്‍ഡ്

തിരുവനന്തപുരം: ശബരിമല പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമാണെന്ന് ദേവസ്വംബോര്‍ഡ്. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിയില്‍ റിവ്യൂഹര്‍ജി നല്‍കില്ലെന്നും ദേവസ്വംബോര്‍ഡ് പറഞ്ഞു. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നേരത്തെ, പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബോര്‍ഡ് നിലപാട് തിരുത്തിയത്.

കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. സ്ത്രികള്‍ക്ക് നിലക്കലിലും പമ്പയിലും ശബരിമലയിലും പ്രത്യേക സൗകര്യമൊരുക്കാനും തീരുമാനമായെന്നും ബോര്‍ഡ് അറിയിച്ചു.

അഞ്ചംഗബെഞ്ചിന്റെ തീരുമാനമായതുകൊണ്ട് റിവ്യുഹര്‍ജിയുടെ സാധ്യതയില്ല. പ്രളയത്തിനു ശേഷം പമ്പയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ശബരിമല വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതി നിലപാടിനൊപ്പമാണ്. കോടതി എന്തു പറഞ്ഞോ അതൊരു വിട്ടുവീഴ്ച്ചയില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയാല്‍ ആര്‍ക്കും അവരെ തടയാന്‍ കഴിയില്ല. സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സംരക്ഷണം നല്‍കും. വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: