ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ് ദേവാസ് അഴിമതി കേസില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം.ഡല്‍ഹി സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ ഹാജരാകാത്ത മൂന്നുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടില്ല.
ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് ദേവാസ് എന്ന സ്വകാര്യ കമ്പനിയുമായി നടത്തിയ ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്.മാധവന്‍ നായര്‍ ഉള്‍പ്പെടെ ഉള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നേരത്തെ, ഹാജരാവാന്‍ കോടതി അറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സമന്‍സ് ലഭിച്ച പ്രതികളില്‍ ഭൂരിഭാഗവും ഇന്ന് കോടതിയില്‍ ഹാജരായി. ജാമ്യാപേക്ഷയും ഇവര്‍ സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതുമായുള്ള നടപടികള്‍ കോടതി ഇന്ന് കൈക്കൊണ്ടു. ഫെബ്രുവരി പതിനഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. അന്നുമുതല്‍ കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.