X

‘ദേവഗൗഡയെ പുറത്താക്കി, താനാണ് പുതിയ അധ്യക്ഷന്‍’; സംസ്ഥാന ജെഡിഎസ് നേതാക്കളെ വെട്ടിലാക്കി സി കെ നാണു

സംസ്ഥാന ജെ.ഡി.എസ് നേതാക്കളെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് സി.കെ നാണു. ദേവഗൗഡയെ പുറത്താക്കിയതിനാല്‍ താനാണ് പുതിയ അധ്യക്ഷനെന്നും എന്‍ഡിഎ വിരുദ്ധ ജെ.ഡി.എസ് തങ്ങളാണെന്നും വ്യക്തമാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് അദ്ദേഹം കത്ത് നല്‍കി. അല്ലാത്തവര്‍ക്ക് എല്‍.ഡി.എഫില്‍ സ്ഥാനം ഇല്ലെന്നും കത്തില്‍ പറയുന്നു.

വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തിരുവല്ല എം.എല്‍.എ മാത്യു ടി തോമസ് എന്നിവരെ ലക്ഷ്യമിട്ടാണ് സി.കെ നാണുവിന്റെ നീക്കം. ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നപ്പോഴും അതേ പാര്‍ട്ടിയുടെ ഭാഗമായി നീങ്ങുന്ന ഇരുവരും, ദേശീയനേതൃത്വത്തിന്റെ നിലപാടിനൊപ്പം ഇല്ലെന്ന് പറഞ്ഞാണ് സംസ്ഥാനത്ത് എല്‍.ഡി.എഫില്‍ തുടരുന്നത്. ഇതിനോട് സി.കെ നാണു കടുത്ത എതിര്‍പ്പാണ് അറിയിച്ചത്.

എന്‍.ഡി.എയുടെ ഭാഗമായിരിക്കുന്ന പാര്‍ട്ടി സംസ്ഥാനത്ത് എല്‍.ഡി.എഫില്‍ തുടരേണ്ടതില്ലെന്നും പുറത്തുവന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്നും അല്ലെങ്കിലും മറ്റേതങ്കിലും ജനതാ പാര്‍ട്ടിയില്‍ ലയിക്കണമെന്നുമായിരുന്നു സി.കെ നാണുവിന്റെ ആവശ്യം. എന്നാല്‍ കൂറുമാറ്റ നിരോധനനിയമം എന്ന ആശങ്കയുള്ളതിനാല്‍ കെ. കൃഷ്ണന്‍ കുട്ടിക്കും മാത്യു ടി. തോമസിനും ഈ നിലപാടിനൊപ്പം നില്‍ക്കാനായില്ല.

ഇതോടെയാണ് സി.കെ നാണു ബെംഗളൂരുവില്‍ ദേശീയ കൗണ്‍സില്‍ യോഗം വിളിച്ച് ദേവഗൗഡയെ പുറത്താക്കിയത്. തുടര്‍ന്ന് ദേശീയ അധ്യക്ഷനായി നാണുവിനെ യോഗം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതു പ്രകാരമാണ് ഇപ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് നാണു കത്ത് നല്‍കിയത്.

നാണുവിന്റെ കത്ത് ഈ മാസം അവസാനം ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. നവകേരളാ സദസ് അവസാനിക്കുന്നതിന്റെ പിറ്റേദിവസമായ ഡിസംബര്‍ 24നാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇടതുമുന്നണി യോഗം ചേരുന്നത്. നാണുവിനെ അനുനയിപ്പിക്കുക എന്നതായിരിക്കും എല്‍.ഡി.എഫ് നേതൃത്വം ചെയ്യുക. കൂടാതെ, സി.കെ നാണു എല്‍.ഡി.എഫ് കണ്‍വീനറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഈ മാസം 9ന് ദേവഗൗഡ വിളിച്ചു ചേര്‍ത്ത ദേശീയ നിര്‍വാഹക സമിതി യോഗം ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.കെ നാണുവിനെയും കര്‍ണാടക അധ്യക്ഷ സ്ഥാനത്ത് നിന്ന് സി.എം ഇബ്രാഹിമിനെയും പുറത്താക്കിയിരുന്നു. പിന്നാലെ സി.എം ഇബ്രാഹിം അടക്കമുളള നേതാക്കള്‍ സമാന്തര ദേശീയ പ്ലീനറി യോഗം വിളിച്ച് സി.കെ നാണുവിനെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു.

എന്നാല്‍ അയോഗ്യത ഭയന്ന് കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും യോഗത്തില്‍ പങ്കെടുത്തില്ല. ദേവഗൗഡയെ അനുകൂലിക്കുന്ന സംസ്ഥാന ഘടകത്തിനെതിരെ നടപടി വേണമെന്നാണ് സി.കെ നാണുവിന്റെ ആവശ്യം. ഇക്കാര്യം നവ കേരള സദസിനിടെ സി.കെ നാണു മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിന്നാലെയാണ് കണ്ണൂരിലെത്തി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനുമായി നാണു കൂടിക്കാഴ്ച നടത്തിയത്. നിലവിലെ നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെങ്കില്‍ മന്ത്രിയെ പിന്‍വലിക്കണം എന്നതടക്കമുളള കടുത്ത കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സി.കെ നാണു പക്ഷത്തിന്റെ നീക്കം.

 

webdesk13: