കൊച്ചി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററും വിവിധ ദേശീയ ടീമുകളുടെ പരിശീലകനുമായിരുന്ന ഡേവ് വാട്ട്‌മോര്‍ ഇനി കേരള ടീമിനെ പരിശീലിപ്പിക്കും. കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഡേവ് വാട്ട്‌മോര്‍ ചുമതലയേറ്റു. ആറു മാസത്തേക്കാണ് കരാര്‍. കരാര്‍ കാലാവധി പിന്നീട് ദീര്‍ഘിപ്പിച്ചേക്കും. 35 ലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് കേരള ക്രിക്കറ്റില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് വാട്ട്‌മോറിനെ കെ.സി.എ കേരളത്തിലെത്തിക്കുന്നത്.
സീനിയര്‍ ടീമിന് പുറമേ ജൂനിയര്‍ ടീമുകള്‍ക്കും വാട്ട്‌മോറിന്റെ സേവനം ലഭ്യമാക്കും. ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി രണ്ടു താരങ്ങള്‍, ഐ.പി.എലില്‍ 12 താരങ്ങള്‍ തുടങ്ങിയവയാണ് വിദഗ്ധ പരിശീലനത്തിലൂടെ കെ.സി.എ ലക്ഷ്യമിടുന്നത്. നേരത്തെ ചെന്നൈ എസ്.ആര്‍.എം.സി അക്കാദമിയില്‍ മൂന്നു വര്‍ഷത്തെ പരിശീലനത്തിന് വാട്ട്‌മോര്‍ കരാറൊപ്പിട്ടിരുന്നു. ഈ സാഹചര്യം കെ.സി.എ ഉപയോഗപ്പെടുത്തുകയായിരുന്നു. പരിശീലനത്തിനുള്ള താരങ്ങളെ തെരഞ്ഞെടുക്കാനായി എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും കെ.സി.എ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കായി ഈ അവധിക്കാലത്ത് പ്രത്യേക സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ഓരോ വിഭാഗത്തില്‍ നിന്നും 30 പേരെ തെരഞ്ഞെടുത്ത് ചെന്നൈ എസ്.ആര്‍.എം.സി അക്കാദമായിലേക്ക് അയക്കും. ഇതില്‍ നിന്ന് മികവുള്ള 15-20 താരങ്ങളെ വാട്ട്‌മോര്‍ തന്നെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. പരിശീലകരെയും വാട്ട്‌മോര്‍ പരിശീലിപ്പിക്കും. ഇതിനായി പരിശീലകരുടെ ഒരു പൂളും ഉണ്ടാക്കും.
കേരള ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും വാട്ട്‌മോര്‍ പറഞ്ഞു. പ്രതിഭയുള്ള താരങ്ങള്‍ കേരളത്തിലുണ്ട്. മികച്ച കായിക സംസ്‌കാരം കൂടിയുള്ള സ്ഥലമാണ് കേരളം. അടിസ്ഥാന സൗകര്യങ്ങളും മികച്ചതാണ്. ജൂണില്‍ താന്‍ പരിശീലനം തുടങ്ങുമെന്നും സെപ്തംബറില്‍ പൂര്‍ണ ചുമതലയേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.