X

തടങ്കല്‍ പാളയത്തിന്റെ പണി വീണ്ടും തുടങ്ങി കേരള സര്‍ക്കാര്‍

വിവാദമായതോടെ ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച തടങ്കല്‍പാളയ നിര്‍മാണം പുനരാരംഭിച്ച് കേരള സര്‍ക്കാര്‍. കേന്ദ്ര നിര്‍ദേശപ്രകാരമാണ് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തൃശൂരും തിരുവനന്തപുരത്തും തടങ്കല്‍പാളയങ്ങള്‍ ആരംഭിക്കാന്‍ സാമൂഹിക സുരക്ഷാ വകുപ്പ് ഡയരക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

അനധികതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്‌പോര്‍ട്ട്/ വിസ കാലാവധി തീര്‍ന്ന ശേഷവും രാജ്യത്ത് തുടരുന്ന വിദേശികളെയും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അതാത് രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത വിദേശികളെയും രാജ്യം വിടുന്നതു വരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നത്. സംസ്ഥാനത്ത് തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കില്ലെന്ന് 2020 ഫെബ്രുവരി 11ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുതിയ വിജ്ഞാപനം സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് ഒന്നര വര്‍ഷം മുമ്പ് സര്‍ക്കാര്‍ തടങ്കല്‍പാളയ നിര്‍മാണം നിര്‍ത്തിവെച്ചത്. വിദേശികളായ തടവുകാരെ പാര്‍പ്പിക്കാന്‍ എന്ന പേരില്‍ പുതിയ ജയില്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയും ഇതിനു മുന്നോടിയായി കേരളത്തിലെ ജയിലുകളിലുള്ള വിദേശികളുടെ എണ്ണമെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ‘അനധികൃത കുടിയേറ്റക്കാര്‍ക്കായി’ വിവിധ സംസ്ഥാനങ്ങളില്‍ തടങ്കല്‍ പാളയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വിവാദമാകുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ഈ നീക്കം. നിയമവിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ സി.എ.എ നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെ പുതിയ നീക്കം ആശങ്കയുളവാക്കുന്നതാണ്.

 

web desk 1: