ബഗ്ദാദ്: ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) മേധാവി അബൂബകര്‍ അല്‍ ബഗ്ദാദി ഏകപക്ഷീയ ഖിലാഫത്ത് പ്രഖ്യാപനം നടത്തിയ മൊസൂളിലെ പൗരാണിക മസ്ജിദ് തകര്‍ക്കപ്പെട്ടു. എണ്ണൂറിലേറെ വര്‍ഷം പഴക്കമുള്ള ഗ്രാന്‍ഡ് അല്‍ നൂരി മസ്ജിദാണ് തകര്‍ന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഐ.എസാണ് പള്ളി തകര്‍ത്തതെന്ന് ഇറാഖ് ആരോപിക്കുന്നു.
എന്നാല്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന് ഐ.എസിന്റെ നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സി കുറ്റപ്പടുത്തി. ഐ.എസ് വാദം ഇറാഖും അമേരിക്കയും തള്ളി. പ്രദേശത്ത് തങ്ങള്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് യു.എസ് വ്യോമസേനാ വക്താവ് പറഞ്ഞു. അല്‍ നൂരി പള്ളിയുടെ പ്രശസ്തമായ അല്‍ ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇറാഖിന്റെ പിസ ഗോപുരം എന്ന പേരില്‍ അറിയപ്പെടുന്ന മിനാരം 1172ലാണ് പണികഴിക്കപ്പെട്ടത്. ഐ.എസിന്റെ പിടിയില്‍നിന്ന് മൊസൂളിനെ മോചിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഇറാഖ് സേന. സ്‌ഫോടനത്തില്‍ പള്ളി തകരുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. 2014 ജൂലൈയില്‍ ഈ പള്ളിയില്‍ വെച്ചാണ് ബഗ്ദാദി ഐ.എസിന്റെ ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത്. മൊസൂളിന്റെയും ഇറാഖിന്റെയും അമൂല്യ നിധികളിലൊന്നാണ് ഐ.എസ് തകര്‍ത്തിരിക്കുന്നതെന്ന് ഇറാഖിലെ യു.എസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജോസഫ് മാര്‍ടിന്‍ പറഞ്ഞു. ഭീകരസംഘടന ഉന്മൂലം ചെയ്യപ്പെടേണ്ടതാണെന്ന് തെളിയിക്കുന്ന സംഭവമാണ് ഇതെന്നും ഇറാഖ് ജനതയോടുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാഖ് സേന അല്‍ നൂരി മസ്ജിദിന് സമീപം എത്തിയതായി ഇറാഖി സൈനിക കമാന്‍ഡര്‍ അറിയിച്ചു. ചരിത്രപരമായ കുറ്റകൃത്യമെന്നാണ് പള്ളി തകര്‍ത്തതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാഖ് സേനയുടെ മന്നേറ്റം തടയാന്‍ ഐ.എസ് പള്ളിക്കകത്ത് സ്‌ഫോടക വസ്തുക്കള്‍ വെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പള്ളി ബോംബുവെച്ച് തകര്‍ക്കുന്നതില്‍നിന്ന് തങ്ങള്‍ ഇതുവരെ ഐ.എസിനെ തടുത്തുനിര്‍ത്തുകയായിരുന്നുവെന്ന് പ്രദേശവാസികളും പറയുന്നുണ്ട്. കുരിശു യുദ്ധത്തില്‍ മുഖ്യ പങ്കുവഹിച്ച മുസ്്‌ലിം നേതാവ് നൂറുദ്ദീന്‍ മഹ്്മൂദ് സങ്കിയുടെ പേരില്‍ അറിയപ്പെടുന്ന മസ്ജിദ് 1172ലാണ് പണികഴിച്ചത്. മൊസൂള്‍ പിടിച്ചെടുത്ത ശേഷം പള്ളിയുടെ മിനാരത്തില്‍ ഐ.എസ് തങ്ങളുടെ പതാക നാട്ടിയിരുന്നു. ഇറാഖില്‍ മുമ്പും നിരവധി ചരിത്ര സ്മാരകങ്ങള്‍ ഐ.എസ് തകര്‍ത്തിട്ടുണ്ട്.