ന്യൂഡല്‍ഹി: വോട്ടിങ് മെഷീനിലെ കൃത്രിമം തെളിയിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പരിപാടി ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഇ.വി.എം ഹാക്കത്തോണ്‍ എന്ന പേരില്‍ ഇന്ന് കാലത്ത് 10 മണി മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൃത്രിമം തെളിയിക്കാന്‍ അവസരം നല്‍കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിനായി വിപുലമായ ഒരുക്കങ്ങളും കമ്മീഷന്‍ നടത്തിയിരുന്നു. അതേസമയം ഹൈക്കോടതി വിധിയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച പരിപാടി അനിശ്ചിതത്വത്തിലായി.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഡോ. രമേശ് പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഇടപെടല്‍. ക്രമക്കേട് ആരോപിച്ചുള്ള ഹര്‍ജിയില്‍ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കണ്ടു കെട്ടണമെന്ന് നേരത്തെ ഇതേ കോടതി ഉത്തരവിട്ടിരുന്നു. ഹാക്കത്തണ്‍ സംഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ബി.ജെ.പിക്ക് അനുകൂലമായി കാര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച ഇ.വി.എം ഹാക്കത്തോണ്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.
അതേസമയം ഇ.വി.എം ഹാക്കത്തോണ്‍ റദ്ദാക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പരിപാടിയുമായി മുന്നോട്ടു പോകും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.
എന്‍.സി.പിയും ഇടതുപക്ഷവും മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ബഹിഷ്‌കരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ ക്രമക്കേട് ആരോപണവുമായി ആദ്യം രംഗത്തെത്തിയ എ.എ.പിയോ ബി.എസ്.പിയോ പരിപാടിയുമായി സഹകരിക്കുന്നില്ല. മദര്‍ബോര്‍ഡ് മാറ്റിയുള്ള പരിശോധനക്ക് അനുവദിക്കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് എ.എ.പി വിട്ടു നില്‍ക്കുന്നത്. ഇതേ ദിവസം തന്നെ ഡല്‍ഹിയില്‍ സമാന്തര ഇ.വി.എം ഹാക്കത്തോണ്‍ സംഘടിപ്പിക്കുമെന്ന് എ.എ.പി നേതാക്കള്‍ പറഞ്ഞിരുന്നു.