X

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുണ്ടായിട്ടും ഇന്ത്യൻ ഗ്രാമങ്ങളിലെ 51.7 ശതമാനം വീടുകളിലും ഗ്യാസ് കണക്ഷൻ ഇല്ല

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുണ്ടായിട്ടും ഇന്ത്യൻ ഗ്രാമങ്ങളിലെ 51.7 ശതമാനം വീടുകളിലും ഗ്യാസ് കണക്ഷൻ ഇല്ലെന്ന് റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തിറക്കിയ സർവേയിലാണ് വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ എൽ.പി.ജി കണക്ഷനുകൾ നൽകുകയെന്ന ലക്ഷ്യത്തോടെ 2016 മെയ് മാസത്തിൽ മോദി സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ).

ഈ പദ്ധതി ഉണ്ടായിട്ടും നഗരപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ വെറും 49.3 ശതമാനം കുടുംബങ്ങൾ മാത്രമേ പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്നുള്ളൂ. അതായത് പകുതിയിലേറെ കുടുംബങ്ങളും പാചകത്തിനായി മറ്റ് ഉറവിടങ്ങളെയാണ് ആശ്രയിക്കുന്നത്.

2022 ജൂലൈ മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ നഗര, ഗ്രാമ പ്രദേശങ്ങളിലെ 3.02 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. രാജസ്ഥാൻ, ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, മേഘാലയ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ, പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്ന ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ കണക്ക് 30 ശതമാനത്തിൽ താഴെയാണ്.

ഗ്രാമപ്രദേശങ്ങളിൽ ജനങ്ങൾക്ക് ഇപ്പോഴും എൽ.പി.ജി സിലിണ്ടറുകൾ വാങ്ങാൻ കഴിയുന്നില്ലെന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

‘പല കുടുംബങ്ങളും പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ജനങ്ങൾക്ക് ഇപ്പോഴും എൽ.പി.ജി സിലിണ്ടറുകൾ വാങ്ങാൻ കഴിയുന്നില്ലെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. സിലിണ്ടറുകൾക്ക് കൂടുതൽ സബ്‌സിഡി നൽകേണ്ടതുണ്ട്,’ സെൻ്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻ്റ്, റിന്യൂവബിൾ എനർജി പ്രോഗ്രാം ഡയറക്ടർ നിവിത് യാദവ്  മാധ്യമങ്ങളോട്  പറഞ്ഞു.

ഈ വർഷം ഓഗസ്റ്റ് 8 ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ലോക്‌സഭയിൽ നൽകിയ വിവരമനുസരിച്ച്, ജൂലൈ 1 വരെ 10.33 കോടി എൽ.പി.ജി കണക്ഷനുകൾ പി.എം.യു.വൈ പ്രകാരം നൽകിയിട്ടുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തുമ്പോൾ പല സംസ്ഥാനങ്ങളിലും പാചകത്തിന് എൽ.പി.ജിയുടെ ഉപയോഗം 50 ശതമാനത്തിൽ താഴെയാണ്. ബീഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മേഘാലയ, ഒഡീഷ, രാജസ്ഥാൻ, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

webdesk13: