X

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

webdesk13: