X

ഗംഭീര വിജയം നേടിയിട്ടും മെസ്സിക്ക് ആരാധകരുടെ കൂക്കിവിളി; ഗ്രൗണ്ടില്‍ അപമാനിച്ചു- വിഡിയോ

പാരീസ്: ലോകത്തിലെ നമ്പര്‍ വണ്‍ ഫുട്ബോളര്‍ക്കെതിരെ കൂവി വിളിച്ച് ഒരു വിഭാഗം പി.എസ്.ജി ആരാധകര്‍. ഇത് കാരണം ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ശോഭയും മങ്ങി. ക്ലബ് വിടുമെന്ന് മെസി വ്യക്തമാക്കിയതിന് ശേഷം അദ്ദേഹം മല്‍സരിക്കുന്ന ആദ്യ പോരാട്ടമായിരുന്നു പ്രിന്‍സസ് പാര്‍ക്കില്‍. ദുര്‍ബലരായ പ്രതിയോഗികള്‍ അജാസിയോക്കെതിരെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി അനായാസം ജയിച്ചത്. മല്‍സരത്തില്‍ 90 മിനുട്ടും മെസി മൈതാനത്തുണ്ടായിരുന്നു. അനധികൃത സഊദി യാത്ര നടത്തിയെന്ന പേരില്‍ ക്ലബ് മാനേജ്മെന്റ് രണ്ടാഴ്ച്ചത്തെ വിലക്ക് പ്രഖ്യാപിച്ച ശേഷം കളിക്കുന്ന ആദ്യ മല്‍സരത്തില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്യാനായില്ലെങ്കിലും ഗംഭീര മികവിലായിരുന്നു ഇതിഹാസ താരം. പക്ഷേ തുടക്കം മുതല്‍ നിറഞ്ഞ സ്റ്റേഡിയത്തിലെ ഒരു വിഭാഗം മെസിക്കെതിരെ കൂവുകയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് ക്ലബ് വിടുമെന്ന് വ്യക്തമാക്കിയതിന് പിറകെ പി.എസ്.ജി ആരാധക വൃന്ദത്തിലെ തീവ്ര വിഭാഗം മെസിക്കെതിരെ പ്രകടനം നടത്തിയിരുന്നു. മെസിയുടെയും നെയ്മറിന്റെയും വസതിയിലേക്ക് നീങ്ങിയ ആരാധകരുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

ലോറന്‍ഡോക്കെതിരായ മല്‍സരത്തില്‍ പി.എസ്.ജി 1-3 ന് തകര്‍ന്ന ശേഷമായിരുന്നു സഊദി അറേബ്യയുടെ ടൂറിസം അംബാസിഡര്‍ കൂടിയായ മെസി റിയാദിലേക്ക് പോയത്. ടീമിന്റെ അനുമതി ഇല്ലാതെ നടത്തിയ യാത്ര എന്ന പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട മെസി പി.എസ്.ജിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ വലിയ വിജയം നേടാനായതോടെ പി.എസ്.ജി ഒരിക്കല്‍ കൂടി ഫ്രഞ്ച് ലീഗ് കിരീടത്തിന് അരികിലുമെത്തി. നാല് പോയിന്റ് കൂടി സ്വന്തമാക്കാനായാല്‍ അവര്‍ക്ക് ഒന്നാമന്മാരാവാം. 35 മല്‍സരങ്ങളില്‍ നിന്നായി 81 പോയിന്റാണ് മെസിക്കും സംഘത്തിനും. രണ്ടാം സ്ഥാനത്തുള്ള ലെന്‍സിന് 35 മല്‍സരങ്ങളില്‍ നിന്ന് 75 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്ത് നിലവില്‍ മാര്‍സലിയാണ്. അവരുടെ സമ്പാദ്യം 70 പോയിന്റാണ്. മൂന്ന് മല്‍സരങ്ങള്‍ കൂടിയാണ് ലീഗില്‍ ബാക്കി.

പാര്‍ക്് പ്രിന്‍സസ് പോരാട്ടത്തില്‍ രണ്ട് ടീമുകളും പത്ത് പേരെയുമായാണ് കളി പൂര്‍ത്തിയാക്കിയത്. തോമസ് മന്‍ഗാനി, അഷ്റഫ് ഹക്കീമി എന്നിവരാണ് ചുവപ്പില്‍ പുറത്തായത്. ഇരുവരും ഫൗളില്‍ പരസ്പരം കലഹിക്കുകയായിരുന്നു. ഇടവേളക്ക് ശേഷം ഫോമിലെത്തിയ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പേയാണ് പി.എസ്.ജിയുടെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയത്. 47,54 മിനുട്ടുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗോളുകള്‍. ഇരുപത്തിരണ്ടാം മിനുട്ടില്‍ റുയിസ് ആദ്യ ഗോള്‍ നേടി. മുപ്പത്തിമൂന്നാം മിനുട്ടില്‍ അഷ്റഫ് ഹക്കീമി ലീഡുയര്‍ത്തി. മല്‍സരത്തിന്റെ അവസാനത്തില്‍ യൂസുഫ് നേടിയ സെല്‍ഫ് ഗോള്‍ വഴി പി.എസ്.ജി തകര്‍പ്പന്‍ വിജയം പൂര്‍ണമായി.

webdesk11: