X

കയറ്റുമതി നിരോധിച്ചെങ്കിലും ഗോതമ്പ് വില കുതിക്കുന്നു

ന്യൂഡല്‍ഹി: കയറ്റുമതി നിരോധിച്ചെങ്കിലും ഗോതമ്പ് വിലയില്‍ കുതിപ്പ് തുടരുന്നതായി റിപ്പോര്‍ട്ട്. ആഗോള വിപണിയിലെ വില വര്‍ധനവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്.യൂറോപ്യന്‍ ഓപണ്‍ വിപണിയില്‍ 435 യൂറോ ആണ് (35,000 രൂപയിലധികം) ഒരു ടണ്‍ ഗോതമ്പിന്റെ വില. റഷ്യന്‍ അധിനിവേശത്തെതുടര്‍ന്ന് യുക്രെയ്‌നില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി കുറയുമെന്ന നിഗമനമാണ് വില കുതിക്കാന്‍ കാരണം. യൂറോപ്പിലെ പ്രധാന ഗോതമ്പ് കയറ്റുമതി രാജ്യമാണ് യുക്രെയ്ന്‍. ആഗോള ഗോതമ്പ് കയറ്റുമതിയുടെ 12 ശതമാനവും യുക്രെയ്‌ന്റെ സംഭാവനയാണ്. ഇതിനു പിന്നാലെയാണ് മറ്റൊരു പ്രധാന ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യ കയറ്റുമതി പൂര്‍ണമായി നിരോധിച്ചത്.

ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം കാരണം ഇത്തവണ ഉത്പാദനം കുറയാന്‍ ഇടയുണ്ടെന്ന് കണ്ടാണ് കയറ്റുമതി നിരോധിച്ചതെന്നാണ് വിശദീകരണം. അതേസമയം രണ്ടു പ്രധാന ഉത്പാദക രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പിന്റെ ലഭ്യത ഇല്ലാതാകുന്നതോടെ ആഗോള തലത്തില്‍ വലിയ പ്രതിസന്ധി ഉടലെടുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ദരിദ്ര രാജ്യങ്ങളില്‍ കൊടിയ ഭക്ഷ്യക്ഷാമത്തിനും പട്ടിണിക്കും നീക്കം വഴിവെച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 13നാണ് ഇന്ത്യ കയറ്റുമതി നിരോധിച്ചത്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയാണ് പ്രധാനമെന്നാണ് ഇതിന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

വലിയ തോതില്‍ ഭക്ഷ്യധാന്യ ശേഖരമുള്ള രാജ്യം കൂടിയാണ് ഇന്ത്യ. യുക്രെയ്ന്‍ യുദ്ധത്തെതുടര്‍ന്നുള്ള കമ്മി നികത്തുന്നതിന് കൂടുതല്‍ ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് നേരത്തെ കേന്ദ്രം അവകാശപ്പെട്ടിരുന്നു. എന്നാല്‍ പൊടുന്നനെയുള്ള കയറ്റുമതി നിരോധനം ഈ അവകാശവാദം സംശയ മുനയിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Chandrika Web: