X
    Categories: indiaNews

ഉത്തരാഖണ്ഡില്‍ തോറ്റിട്ടും ധാമി തന്നെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യന്ത്രിയായി പുഷ്‌കര്‍ സിങ് ധാമിയെ തന്നെ നിയോഗിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി രണ്ടാംതവണയും അധികാരം നിലനിര്‍ത്തിയെങ്കിലും പരമ്പരാഗത മണ്ഡലമായ ഖാത്തിമയില്‍ പുഷ്‌കര്‍ സിങ് ധാമിക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു.

കോണ്‍ഗ്രസിന്റെ ഭുവന്‍ തന്ദ്ര കാപ്രിയോടാണ് ധാമി തോല്‍വി ഏറ്റുവാങ്ങിയത്. ഈ സാഹചര്യത്തില്‍ ധാമിക്കു പരം മാറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കുമെന്ന സൂചനകള്‍ ബി.ജെ.പി നല്‍കിയിരുന്നെങ്കിലും പാര്‍ട്ടിയെ ഒന്നടങ്കം തിരഞ്ഞെടുപ്പില്‍ നയിച്ച് രണ്ടാം തവണയും അധികാരത്തില്‍ എത്തിച്ചയാള്‍ എന്ന ആനുകൂല്യത്തില്‍ ധാമിയുടെ പേര് തന്നെ കേന്ദ്ര നേതൃത്വം സ്വീകരിക്കുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്നതോടെ ആറു മാസത്തിനകം മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് ധാമിക്ക് നിയമസഭയില്‍ എത്തേണ്ടി വരും. 70അംഗ നിയമസഭയില്‍ 47 സീറ്റുകള്‍ നേടിയാണ് സംസ്ഥാനത്ത് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബി.ജെ.പി സംസ്ഥാനത്ത് പരീക്ഷിച്ചത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഇടക്കിടെ മുഖ്യമന്ത്രിമാരെ മാറ്റുന്നതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ധാമി തോറ്റതോടെ പുതിയ മുഖ്യമന്ത്രിയാരാകും എന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് പ്രഖ്യാപനം. ബി. ജെ.പിയിലെ ഒരു വിഭാഗം എം.എല്‍.എമാരും ധാമിക്ക് പിന്നില്‍ ഉറച്ചു നിന്നതായാണ് റിപ്പോര്‍ട്ട്.

Chandrika Web: