പിറവം നഗരസഭാ അധ്യക്ഷ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. ധാരണപ്രകാരം സി.പി.എമ്മിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സി.പി.ഐക്ക് അധ്യക്ഷ സ്ഥാനം കൈമാറുന്നതിനായി വീണ്ടും നടത്തിയ തെരഞ്ഞെടുപ്പിലാണ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്.
ഇടതുമുന്നണിക്ക് നഗരസഭയില്‍ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അധ്യക്ഷസ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തേണ്ടി വന്നു. ഇതിലൂടെയാണ് കോണ്‍ഗ്രസിലെ ജിന്‍സി മാത്യുവിന് അധ്യക്ഷ സ്ഥാനം ലഭിച്ചത്.
27 അംഗ സമിതിയില്‍ ഇടത് മുന്നണിക്ക് 14ഉം യു.ഡി.എഫിന് 13ഉം അംഗങ്ങളാണുള്ളത്. ആദ്യ 3 വര്‍ഷം ചെയര്‍മാന്‍ സ്ഥാനം സി.പി.എമ്മിനും പിന്നീടുള്ള രണ്ട് കൊല്ലം സി.പി.ഐയ്ക്കും എന്ന ധാരണയിലാണ് ഇടത് മുന്നണി പിറവം നഗരസഭാ ഭരണം തുടങ്ങിയത്. ഉപാധ്യക്ഷ സ്ഥാനം സിപിഎം അംഗത്തിനായിരിക്കും.
അത് 5 വര്‍ഷവും തുടരുമെന്നാണ് വ്യവസ്ഥ. ഇടത് മുന്നണിയിലെ ധാരണ പ്രകാരം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് (സി.പി.എം) സി.പി.ഐയ്ക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം കൈമാറാനായി രാജിവച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച പുതിയ അധ്യക്ഷയെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടന്നത്.
മുന്നണി ധാരണ പ്രകാരം സിപിഐ അംഗം അഡ്വ. ജൂലി സാബു ഇടത് സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ് അംഗം ജിന്‍സി മാത്യു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. വേട്ടെടുപ്പില്‍ ഇടത് അംഗം ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായി. ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്‌തെങ്കിലും ബാലറ്റിന്റെ മറുവശത്ത് പേരെഴുതി ഒപ്പിടണമെന്ന വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇവരുടെ വോട്ട് അസാധുവായത്.
പിന്നാലെ അധ്യക്ഷയെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്തി. ഇത്തവണ ഭാഗ്യം യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം ജിന്‍സി മാത്യുവിനൊപ്പം നിന്നു. ഇതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും പിറവത്ത് യുഡിഎഫ് ചെയര്‍മാന്‍ നയിക്കുന്ന ഭരണസമിതിയ്ക്ക് കളമൊരുങ്ങി.