ഇന്നലെ രാത്രി മകനെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ അമ്മ. ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്റെ പൊന്നുമോന്‍.. ഒരു അമ്മയല്ലേ ഞാന്‍.. എന്തു കുറ്റമാ ആ കുഞ്ഞ് അവനോട് ചെയ്തത്.? എന്റെ മോനെ തിരിച്ചു തരാവോ… ആ അമ്മ ഉറക്കെ കരഞ്ഞു.
മൂന്നു പിള്ളേരും അവനും കൂടി നടന്നുവരികയായിരുന്നു. രണ്ടു പിള്ളേര് ഓടിപ്പോയി. കാലിന് മുറിവുള്ളത് കൊണ്ടുതന്നെ അവന് ഓടാന്‍ കഴിഞ്ഞില്ല.ആ സമയത്താണ് അവനെ ഓട്ടോയില്‍ കയറ്റി കൊണ്ടു പോയത്. പോലീസുകാര്‍ എന്ത് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതിപ്പെട്ടതാ.. അവര്‍ നോക്കി കൊള്ളാം എന്ന് പറഞ്ഞു…എന്നിട്ട് എന്റെ മോന്റെ ജഡമാണ് ഞാന്‍ കണ്ടത്.. സര്‍ക്കാര്‍ എന്തിനാ ഈ കാലന്‍മാരെ ഒക്കെ വെറുതെ വിടുന്നെ? ഞങ്ങള്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ.. എന്നോട് എന്തിന് ചെയ്തു? എന്റെ മകനെ തിരിച്ചു തരാവോ? നെഞ്ചുപൊട്ടി ആ അമ്മ പറഞ്ഞു.
വിമലഗിരി സ്വദേശി ഷാന്‍ ബാബു(19) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്‍പില്‍ ഇടുകയായിരുന്നു.ജില്ലയില്‍ തന്നെ ഗുണ്ടാ ലിസ്റ്റില്‍പെട്ട കെ ടി ജോമോന്‍ എന്ന വ്യക്തിയാണ് കൃത്യം നടത്തിയിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രിയോടെ ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയിയാണ് കൃത്യം നടത്തിയിരിക്കുന്നത്. ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ മൂന്നോടെ മൃതദേഹം തോളിലേറ്റി ജോമോന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.