കോഴിക്കോട് താമരശ്ശേരി പത്താംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ തുടര്‍കഥയാകുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ ജീവിതത്തെ ലഹരി കവര്‍ന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഓരോ ദിവസവും അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും ലഹരിക്കടിമായി ചെയ്യുന്ന കൊലപാതകങ്ങളുടെ എണ്ണം കൂടുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരും ഒരുമിച്ചു ഇതിനെ ചെറുക്കണമെന്നും ആദ്യം സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 9 വര്‍ഷം മുഖ്യമന്ത്രിയായിട്ടും പിണറായി വിജയന്‍ ലഹരിയ്‌ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്നും അദേഹം വിമര്‍ശിച്ചു.
വിമുക്തി പരാജയപ്പെട്ട പദ്ധതിയായെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഇതിനിടയിലാണ് വീണ്ടും ബ്രൂവറിയും ഡിസ്റ്റല്ലറിയും കൊണ്ടു വരുന്നതെന്നും ലഹരിക്കെതിരെ നമ്മള്‍ നടത്തുന്ന പരിശ്രമങ്ങളെ തകര്‍ക്കുന്നതാണ് പുതിയ ബ്രൂവറിയെന്നും അദേഹം കുറ്റപ്പെടുത്തി.
കലാലയങ്ങളില്‍ റാഗിങിന് നേതൃത്വം കൊടുക്കുന്നത് എസ്എഫ്‌ഐ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി വരെ പോയി ടി പി കേസിലെ പ്രതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിന്നെന്നും ടിപി കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതില്‍ എന്ത് സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.