കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്രത്തിന്റെയോ റെയില്‍വെയുടെയോ അനുമതിയോ ഡി.പി.ആറോ അലൈന്‍മെന്റോ ഇല്ലാതെ എന്തിനാണ് ഭൂമി ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജപ്പാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കി, ഏറ്റെടുക്കുന്ന ഭൂമി ഈട് നല്‍കി വന്‍തുക വായ്പ എടുക്കുന്നതിലൂടെയുള്ള അഴിമതി മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അനാവശ്യമായ ധൃതിയാണ് സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടിയത്. ഈ അനാവശ്യ ധൃതി അഴിമതി ലക്ഷമിട്ടുള്ളതാണെന്ന് വ്യക്തമായിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ പ്രകൃതി ദുരന്തം വിളിച്ച് വരുത്തിന്നതിനൊപ്പം കേരളത്തെ ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഒരു കാരണവശാലും സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യസാധനങ്ങള്‍ക്കുള്ള ജി.എസ്.ടി ഒഴിവാക്കണമെന്ന് ആദ്യമായി നിയമസഭയില്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. ജി.എസ്.ടി തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ജി.എസ്.ടി ഏര്‍പ്പെടുത്തില്ലെന്ന് ധനകാര്യമന്ത്രിയും നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്നുവരെ ജി.എസ്.ടി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയില്ല. ഇവര്‍ എന്താ ഭരിക്കാന്‍ മറന്നു പോയോ? ജി.എസ്.ടി ഈടാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ജി.എസ്.ടി ഈടാക്കുമെന്ന് അറിയാത്തവരാണോ ധനമന്ത്രിയും ധനവകുപ്പും? ഇത്രയും ദിവസം വാങ്ങിയ ജി.എസ്.ടിക്ക് ആര് ഉത്തരം പറയും. കേന്ദ്ര നോട്ടിഫിക്കേഷന്‍ പുറത്ത് വന്നതിന് ശേഷമാണ് മുഖ്യമന്ത്രി കത്തയച്ചത്. അതിന് എന്ത് പ്രസക്തിയാണുള്ളത്? തീരുമാനിച്ചിട്ടും നടപ്പാക്കാനുള്ള കാര്യക്ഷമതയില്ലാത്ത സര്‍ക്കാരാണിത്. നേരത്തെയും ഇതുപോലുള്ള സംഭവം ഉണ്ടായിട്ടുണ്ട്. മൂന്നു മാസത്തേക്ക് വാഹനനികുതി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഉത്തരവ് ഇറക്കിയില്ല. ഇതോടെ മോട്ടോര്‍വാഹന വകുപ്പ് നികുതി അടയ്ക്കാത്ത വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി. പിന്നെയും രണ്ട് മാസം കഴിഞ്ഞാണ് ഉത്തരവ് ഇറക്കിയത് അദ്ദേഹം ഓര്‍മിപ്പിച്ചു.
മാധ്യമം ദിനപത്രം യു.എ.ഇയില്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ കത്തയച്ചത് താന്‍ അറിഞ്ഞില്ലെന്നും മോശമായിപ്പോയെന്നുമാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ തള്ളിപ്പറയലുകള്‍ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട ജന്മമായി ജലീല്‍ മാറിയെന്നത് സങ്കടകരമാണ്. പ്രോട്ടോകോള്‍ ലംഘിച്ച് നടത്തിയ ഗൗരവതരമായ കാര്യം ജലീലിനോട് ചോദിക്കാന്‍ പോലും സൗകര്യം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ഭുതകരമാണ്. മുഖ്യമന്ത്രി തള്ളിപ്പറയാത്തത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ജലീല്‍ ലോകായുക്തയെ അധിക്ഷേപിച്ചതെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
എ.കെ.ജി സെന്റര്‍ ആക്രമണത്തിലെ പ്രതികള്‍ ആരാണെന്ന് പൊലീസിന് അറിയാം. പക്ഷം അവരുടെ കൈകള്‍ വരിഞ്ഞുകെട്ടിയിരിക്കുകയാണ്. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിട്ടാല്‍ ആരാണ് ചെയ്തതെന്ന് വ്യക്തമാകും. ഇപ്പോള്‍ ഡി.വൈ.എഫ്.ഐക്കാര്‍ സി.പി.എം ഓഫീസ് അടിച്ചു തകര്‍ത്തല്ലോ? എന്നിട്ട് എന്താണ് കേസെടുക്കാത്തത്? ഇതൊക്കെ പാര്‍ട്ടിയില്‍ തന്നെ ഒത്തുതീര്‍പ്പാക്കുകയാണോ? സിപി.എം സ്വന്തമായി കോടതിയും പൊലീസ് സ്റ്റേഷനും ആരംഭിച്ചിരിക്കുകയാണോ? എ.കെ.ജി സെന്റര്‍ ആക്രമിച്ചത് ആരാണെന്ന് നാട്ടിലെ ജനങ്ങള്‍ക്ക് മുഴുവന്‍ അറിയാം. എ.കെ.ജി സെന്റര്‍ ആക്രമിച്ചത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞ ഇ.പി ജയരാജനെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം. ജയരാജന്റെ പ്രസ്താവനയെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു അദ്ദേഹം പറഞ്ഞു.
ഓണക്കിറ്റ് കൊടുക്കുന്നത് ജനങ്ങള്‍ക്ക് സഹായകമാകും. അത് സര്‍ക്കാര്‍ നല്‍കുന്ന ഒദാര്യമൊന്നുമല്ല. നികുതിപ്പണം കൊണ്ടു തന്നെയാണ് കിറ്റ് കൊടുക്കുന്നത്. നേരത്തെ കിറ്റ് വിതരണം നടത്തിയതിനുള്ള പണം നല്‍കിയിട്ടില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പരാതിപ്പെട്ടിട്ടുണ്ട്. അവരുടെ കുടിശിക കൂടി കൊടുത്തു തീര്‍ത്താല്‍ കിറ്റ് വിതരണം കൂടുതല്‍ കാര്യക്ഷമമാകും.
കോണ്‍ഗ്രസ് ആള്‍ക്കൂട്ടമല്ല. അച്ചടക്കമുള്ള സംഘടനായാണ്. അതിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് സംസ്ഥാനത്ത് വളര്‍ച്ചയില്ലെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. ശക്തമായ പ്രതിപക്ഷമായി യു.ഡി.എഫ് മാറിയെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എങ്കിലും ബി.ജെ.പി മതവിഭഗങ്ങളെ തമ്മില്‍ അടിപ്പിക്കുന്നതിനെതിരെ ജാഗരൂഗരായി ഇരിക്കണമെന്നും വിലയിരുത്തിയിട്ടുണ്ട്. കൊടകര കള്ളപ്പണകേസും സ്വര്‍ണക്കടത്ത് കേസും ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കി. ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ലാവലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കപ്പെടുന്നതും സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താത്തതും.
പത്രപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശരിയായ നിലപാട് എടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. തുടക്കം മുതല്‍ക്കെ ശ്രീറാമിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഇതിനു പിന്നാലെയാണ് ജില്ലാ മജിസ്ട്രേറ്റിന്റെ കൂടി അധികാരമുള്ളൊരു പദവിയിലേക്ക് നിയമിക്കുന്നത്. ആ നിയമനത്തിലെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടിയത്. കേസ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് സര്‍ക്കാരിന് വേണ്ടപ്പെട്ട ആളായതു കൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് കളക്ടറായി നിയമിച്ചതും അതിനെ ന്യായീകരിക്കുന്നതും. പത്രപ്രവര്‍ത്തക യൂണിയന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ജനങ്ങളുടെ മനസ് തേങ്ങിയ ഒരു സംഭവമാണ് കെ.എം ബഷീറിന്റെ മരണം. അതൊന്നും കേരളം മറന്നിട്ടില്ല. കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ അനൗചിത്യമുണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.