X

മണ്ണിടിച്ചിലില്‍ കുടുങ്ങിയ അർജുനെ രക്ഷിക്കാന്‍ തീവ്രശ്രമം; ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

കര്‍ണാടകത്തിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായി തിരച്ചില്‍ ഊര്‍ജ്ജിതം. വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കര്‍ണാടക മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തു. അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി വിഷയം ചര്‍ച്ച ചെയ്തു.

രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പോലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. നിലവില്‍ എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ജൂലൈ എട്ടിനാണ് കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ ലോറിയില്‍ പോയത്. തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്ന് അര്‍ജുന്റെ വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ല. ഇന്ന് രാവിലെ വിളിച്ചപ്പോള്‍ അര്‍ജുന്റെ ഫോണ്‍ റിംഗ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ റിംഗ് ചെയ്ത നമ്പര്‍ കര്‍ണാടക സൈബര്‍ സെല്ലിന് കൈമാറി. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിന്‍ ഓണായിരുന്നുവെന്ന് ഭാരത് ബെന്‍സ് കമ്പനി പറയുന്നു. വാഹനത്തിന്റെ ജിപിഎസ് ലോക്കേഷന്‍ ഇപ്പോഴും മണ്ണിനിടയില്‍ തന്നെയാണ്.

webdesk13: