കെ.എസ് മുസ്തഫ
കല്‍പ്പറ്റ: ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വയനാട് ജില്ലയെ പ്രളയത്തില്‍ മുക്കിയത് ബാണാസുര ഡാം തന്നെ. ഡാമുകള്‍ തുറന്നതല്ല വെള്ളപ്പൊക്കത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ വാദങ്ങളെ അപ്പാടെ തള്ളി ദേശാഭിമാനി. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്ന സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ന്യായങ്ങളില്‍ പിഴവുണ്ടെന്നാണ്, സി.പി.എം മുഖപത്രമായ ദേശാഭിമാനി ഇതുസംബന്ധിച്ച് നല്‍കിയ വാര്‍ത്തകളില്‍ നിന്നു തെളിയുന്നത്.
മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ ശരിവെക്കുന്നതാണ് മഴക്കെടുതിയുടെ നാളുകളില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍. ആഗസ്റ്റ് 15-ലെ ദേശാഭിമാനി വാര്‍ത്തയില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് പുഴകളില്‍ ജലനിരപ്പുയരുകയും പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തതായി വ്യക്തമായി പറയുന്നുണ്ട്. ആഗസ്റ്റ് 14ല്‍, കനത്തമഴക്കും ഉരുള്‍പൊട്ടലിനുമൊപ്പം ഡാം തുറന്നത് വലിയ വെള്ളപ്പൊക്കത്തിനും, കനത്ത നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയിരുന്നുവെന്നും വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഖണ്ഡിച്ചിരിക്കുന്നത്.
ബാണാസുര സാഗര്‍ അണക്കെട്ട് എല്ലാ വര്‍ഷവും നിറയുന്നതും, മുന്നറിയിപ്പില്ലാതെ തന്നെ തുറക്കാറുള്ളതുമായ ഡാമുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതുമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത്തവണയും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡാം നിറയുകയും തുറക്കുകയും ചെയ്തിട്ടുണ്ട്. ഈ അണക്കെട്ട് ഇങ്ങനെ ഘട്ടംഘട്ടമായി തുറക്കുമെന്ന് പ്രദേശവാസികള്‍ക്ക് അറിയാമെന്നും, അതുകൊണ്ട് തന്നെ ഈ ഘട്ടങ്ങളില്‍ അപായങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ആഗസ്റ്റ് എഴിന് രാവിലെ ആറ് മണിക്ക് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കി വിട്ടതായി മുഖ്യമന്ത്രി പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് പോലെ രാത്രിയില്‍ ആരും അറിയാതെയല്ല, മറിച്ച് രാവിലെ ആറരക്കാണ് ഇത് ചെയ്തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്ന് ദേശാഭിമാനി വായിച്ചാല്‍ മനസിലാകും. സി പി എം മുഖപത്രത്തിലെ വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെയാണ്. ”തിങ്കളാഴ്ച (ആഗസ്റ്റ് 13ന്) രാത്രി ഒമ്പതരയോടെ ഘട്ടം ഘട്ടമായി ഷട്ടര്‍ 170 സെന്റിമീറ്ററിലെത്തിച്ചു. എന്നിട്ടും ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിയാതെ വന്നതോടെ രാത്രി ഒന്നരയോടെ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി” ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രാവിലെ ആറരക്കാണ് ഷട്ടര്‍ തുറന്നതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വ്യക്തമാണ്.
കൂടാതെ വയനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാകാനുള്ള കാരണം ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതാണെന്ന് ദേശാഭിമാനി നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി കാണാം. വയനാട് ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമാകാനുള്ള കാരണം ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതാണെന്ന വാദം വീണ്ടും വീണ്ടും മുഖപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗസ്റ്റ് 15ലെ വെള്ളപൊക്കം രൂക്ഷം എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയില്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുകിയതോടെ പുഴകളില്‍ വെള്ളമുയര്‍ന്നുവെന്നും, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായെന്നും പറയുന്നു. മാനന്തവാടി – തലശ്ശേരി, മാനന്തവാടി – കൊയിലേരി റോഡുകളില്‍ വെള്ളം കയറി ഗതാഗതം മുടങ്ങിയതായും വാര്‍ത്ത നല്‍കിയിരുന്നു. ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്ത ബാണാസുര സാഗറിന്റെ ഷട്ടര്‍ തുറന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ അവകാശവാദങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും എതിരാണ്.
ദേശാഭിമാനിയുടെ വാര്‍ത്തയെ ചൊല്ലിയും മുഖ്യമന്ത്രിയുടെ വാക്കുകളെ ചൊല്ലിയും വയനാട്ടില്‍ ചര്‍ച്ച സജീവമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയുകയാണ് പാര്‍ട്ടിപത്രവും, മുഖ്യമന്ത്രിയും ചെയ്യുന്നതെന്നാണ് കൂടുതലായും ഉയരുന്ന അഭിപ്രായം. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്നായിരുന്നു വെള്ളമുണ്ട, പടിഞ്ഞാറത്തറ, തരിയോട്, പനമരം, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള്‍ വെള്ളത്തിനടിയിലായതും വെള്ളപ്പൊക്കം രൂക്ഷമായും. ഇത് സത്യമായിരുന്നുവെന്ന് നേരത്തെ അംഗീകരിക്കുന്ന ദേശാഭിമാനി മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞതോടെ നേരത്തെ നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് സമ്മതിക്കുക കൂടിയാണ്.
മുന്നറിയിപ്പില്ലാതെയാണ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതെന്ന് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു അഭിപ്രായപ്പെട്ടിരുന്നു. ജില്ലാ പേജില്‍ വരുന്ന വാര്‍ത്തകളും ഇതിനെ സാധൂകരിച്ച് ഭരണകക്ഷി എം.എല്‍.എ പ്രതികരിച്ചിട്ടും അറിയാതിരുന്ന മുഖ്യമന്ത്രിക്ക് വയനാടിന്റെ കാര്യത്തില്‍ എത്രമാത്രം താല്‍പര്യമുണ്ടെന്ന് തെളിയിക്കാന്‍ വിവാദം കാരണമായെന്ന് വേണം കരുതാന്‍.