കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ധ്രുവീകരണത്തിന് സിപിഎം ശ്രമം. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച വാര്‍ത്തയിലാണ് സംഘപരിവാറിനെപ്പോവും നാണിപ്പിക്കുന്ന തരത്തില്‍ വര്‍ഗീയ വിദ്വേഷം വിളമ്പുന്നത്. മുസ്‌ലിം തീവ്രവാദികളെ ഏകോപിപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നത് എന്നാണ് ദേശാഭിമാനി പറയുന്നത്. ഉമ്മന്‍ ചാണ്ടിയെ കൂട്ടുപിടിച്ച് ന്യനപക്ഷ തീവ്രവാദികളുടെ ഏകോപനമാണ് ലക്ഷ്യമെന്ന അത്യന്തം ഹീനമായ വര്‍ഗീയ പ്രചാരണമാണ് ദേശാഭിമാനി നടത്തിയത്. കേരളരാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള രണ്ട് നേതാക്കളെ മതതീവ്രവാദികളുമായി ചേര്‍ത്തുവെക്കുന്നതിലൂടെ ദേശാഭിമാനി ലക്ഷ്യംവെക്കുന്നത് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യലാണ്.
ദേശാഭിമാനി വാര്‍ത്ത കേവലം പത്രത്തിന്റെ ഡെസ്‌കില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ല. സിപിഎം അടുത്തകാലത്തായി മുന്നോട്ടുവെക്കുന്ന നിലവാരമില്ലാത്ത രാഷ്ട്രീയത്തിന്റെ തുടര്‍ച്ച മാത്രമാണിത്. രമേശ് ചെന്നിത്തലയെ ആര്‍എസ്എസുകാരനായും ഉമ്മന്‍ ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും ന്യൂനപക്ഷ തീവ്രവാദികളുടെ അടുപ്പക്കാരായും ചിത്രീകരിക്കുന്നതിലൂടെ ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ പരിപോഷിപ്പിച്ച് സംസ്ഥാനത്തെ വിഭജിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്ന ആര്‍എസ്എസ് രീതിയാണ് സിപിഎം പിന്തുടരുന്നത്.
നിരന്തരം മതേതരവാദികളെന്ന് അവകാശപ്പെടുകയും വര്‍ഗീയത പറഞ്ഞ് വോട്ടുപിടിക്കുകയും ചെയ്യുന്ന സിപിഎം രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നത്തെ ദേശാഭിമാനി പത്രം. മുസ്‌ലിം ലീഗ് അധികാരത്തിലെത്തിയപ്പോഴെല്ലാം ഇതുപോലെ സിപിഎം വര്‍ഗീയ പ്രചാരണം നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പച്ച ബോര്‍ഡ്, പച്ച ബ്ലൗസ് വിവാദങ്ങളെല്ലാം ഇത്തരത്തിലുള്ളതായിരുന്നു. നിലവിളക്ക് കൊളുത്താത്ത അബ്ദുറബ്ബിനെതിരെ ഏറ്റവും വലിയ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന എസ്എഫ്‌ഐ നിലവിളക്കേന്തി പ്രതിഷേധിച്ചതും കേരളം കണ്ടിരുന്നു. ഏറ്റവും വലിയ മതേതരവാദികളെന്ന് അവകാശപ്പെടുകയും തരം കിട്ടുമ്പോഴെല്ലാം ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ വര്‍ഗീയവാദികളെ കേരളം തിരിച്ചറിയണമെന്ന സന്ദേശമാണ് ഇന്നത്തെ ദേശാഭിമാനി നല്‍കുന്നത്.