കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് സി.പി.എം രാഹുലിനെതിരെ അധിക്ഷേപം ചൊരിയുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന ചര്‍ച്ച തുടങ്ങിയത് മുതല്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞ് തുടങ്ങിയ സഖാക്കള്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ അതിന്റെ മുര്‍ധന്യത്തിലെത്തിയിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നത്തെ ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍. സംഘപരിവാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം ഒരുമിച്ച് ചേര്‍ത്ത് എഴുതിയ എഡിറ്റോറിയലിന് മുകളില്‍ പത്രത്തിന്റെ പേര് ജന്‍മഭൂമിക്ക് പകരം ദേശാഭിമാനിയായി എന്നത് മാത്രമാണ് ഒരു വ്യത്യാസം.
‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്നാണ് എഡിറ്റോറിയലിന്റെ തലക്കെട്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവായി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഉറപ്പായതോടെ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത പദമായിരുന്നു ‘പപ്പു’. രാഹുല്‍ ഒന്നിനും പറ്റാത്തവനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇതിലൂടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയത്. എന്നാല്‍ അവരുടെ എല്ലാ ഗൂഢാലോചനകളെയും അതിജീവിച്ച രാഹുല്‍ ഇന്ന് മോദിയെയും അമിത് ഷായെയും നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്ന നേതാവാണ്. റഫാല്‍ ഇടപാട്, നോട്ട് നിരോധനം, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, കള്ളപ്പണം പോലുള്ള ദേശീയ വിഷയങ്ങളില്‍ മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ മുഖ്യപ്രതിപക്ഷനേതാവായി വളര്‍ന്നുവെന്നും അധിക്ഷേപങ്ങള്‍ കൊണ്ട് അദ്ദേഹത്തെ പരാജയപ്പെടുത്താനാവില്ലെന്നും രാഷ്ട്രീയം പറയണമെന്നും ബി.ജെ.പി പോലും തിരിച്ചറിഞ്ഞിരിക്കുന്ന സമയത്താണ് അവര്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന പഴയ വാക്കുകള്‍ സി.പി.എം മുഖപത്രം പൊടിതട്ടിയെടുക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതാണ് രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ദേശാഭിമാനിയെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ ഏതാനും കിലോ മീറ്ററുകള്‍ക്കപ്പുറം തമിഴ്‌നാട്ടില്‍ ഇതേ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വെച്ച ബോര്‍ഡുകളും പോസ്റ്ററുകളും ഉപയോഗിച്ചാണ് സി.പി.എം വോട്ട് പിടിക്കുന്നതെന്നും സി.പി.എമ്മിനെ വോട്ടര്‍മാര്‍ക്കിടയില്‍ പരിഹാസ്യരാക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ സി.പി.എം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് ഇന്നത്തെ ദേശാഭിമാനി വിളിച്ചു പറയുന്നത്.