ക്രിക്കറ്റ് ലോകത്തിന് പാകിസ്താന്‍ സംഭാവന ചെയ്ത മികച്ച സ്പിന്നര്‍മാരിലൊരാളാണ് സഈദ് അജ്മല്‍. ദൂസ്ര കൊണ്ട് ഏത് ബാറ്റ്‌സ്മാനെയും ഭയപ്പെടുത്തിയ താരം. ഏകദിനത്തിലും ടെസ്റ്റിലും ബൗളിങ് റാങ്കില്‍ ഏറെക്കാലം ഒന്നാം സ്ഥാനത്തിരുന്നിട്ടുമുണ്ട് അജ്മല്‍. പക്ഷെ, ഫോംഔട്ടും പരിക്കും മൂലം പാകിസ്താന്‍ ടീമില്‍ നിന്ന് പുറത്തായിട്ട് ഇപ്പോള്‍ ഏറെക്കാലമായി.
പാക് ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവ് 39കാരനായ അജ്മലിന് ദുഷ്‌കരമാണ്. യാസിര്‍ഷാ പാക് ജഴ്‌സിയില്‍ ഉജ്വല ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. എന്നാല്‍, രാജ്യത്തിനായി ഈ പ്രായത്തിലും കളിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന അഫ്രീദിയെ പോലെ അജ്മലും വിശ്വസിക്കുന്നു ഒരു തിരിച്ചു വരവില്‍.
കൗണ്ടി ക്രിക്കറ്റില്‍ ഈ സീസണില്‍ ടോപ് വിക്കറ്റ് ടേക്കറായിരുന്നു അജ്മല്‍. പാകിസ്താന്‍ ട്വന്റി-20യില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനായും മികവ് തെളിയിച്ചെങ്കിലും അതൊന്നും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രദ്ധയില്‍ പതിഞ്ഞില്ല. ഇതില്‍ താരം തീര്‍ത്തും നിരാശനുമാണ്.
‘ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും ദേശീയ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിലും ടോപ് വിക്കറ്റ് ടേക്കറായിരുന്നു ഞാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി പന്തെറിയാനും കഴിയുന്നുണ്ട്. ഇതിലും കൂടുതല്‍ എങ്ങനെ ഫോം തെളിയിക്കണമെന്ന് തനിക്കറിയില്ല. രാജ്യത്തിനായി കളിക്കാന്‍ കഴിയുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. തന്നെ ഇത്രകാലം പിന്തുണച്ച ആരാധകരെ താന്‍ ഒരിക്കലും നിരാശപ്പെടുത്തില്ല. തന്റെ മികവ് തെളിയിക്കാന്‍ ഒരു അവസരം കൂടി തരാന്‍ മാത്രമെ ഞാന്‍ അധികൃതരോട് ആവശ്യപ്പെടുന്നുള്ളൂ. അതില്‍ പരാജയപ്പെടുകയാണെങ്കില്‍ പിന്നീട് ഞാന്‍ ഒരിക്കലും പരാതിപ്പെടില്ല- അജ്മല്‍ പറയുന്നു.