X

അടുത്ത ലോകകപ്പിലും ദെഷാംസ് തന്നെ ഫ്രാന്‍സിന്റെ പരിശീലകന്‍

പാരീസ്: ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംസ് 2026 ലോകകപ്പ് വരെ ഫ്രഞ്ച് ടീമിനൊപ്പം തുടരും. ഖത്തര്‍ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ദെഷാംപ്സ് പരിശീലക സ്ഥാനം ഒഴിയുമെന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍ 2026 ലോകകപ്പ് വരെ പരിശീലകനായി തുടരാന്‍ ദെഷാംസ് തീരുമാനിക്കുകയായിരുന്നു. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ നല്‍കിയ പുതിയ കരാര്‍ പ്രകാരം മൂന്നര വര്‍ഷം കൂടെ ദെഷാംസ് ഫ്രഞ്ച് പരിശീലകനായി തുടരും.

കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ വെച്ചാണ് 2026ലെ ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ 11 വര്‍ഷം ഫ്രഞ്ച് ടീമിനെ പരിശീലിപ്പിച്ച ദെഷാം്സ് ഫ്രാന്‍സിന് 2018ല്‍ ലോകകപ്പ് കിരീടവും നേഷന്‍സ് ലീഗ് കിരീടവും നേടികൊടുത്തിട്ടുണ്ട്. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് അര്‍ജന്റീനയോട് ദെഷാംപ്സിന്റെ ഫ്രാന്‍സ് പരാജയപ്പെട്ടത്. ഫിറ്റായിട്ടും ഫൈനലിലേക്ക് കരീം ബെന്‍സേമയെ വിളിപ്പിക്കാത്തതിന്റെ പേരില്‍ ദെഷാംസിനെതിരെ ആരാധകരുടെ കടുത്ത വിമര്‍ശനവും ഉണ്ടായിരുന്നു. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ദെഷാം പുറത്തുപോവുമെന്നും മുന്‍ നായകന്‍ സിനദിന്‍ സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

webdesk11: