ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. സെനറ്റിലെ ഉപചെയര്‍മാന്‍ അടക്കം 40 പേര്‍ക്ക് പരിക്കേറ്റു. ജമാഅത്തെ ഉലമ ഇ ഇസ്ലാം ഫസല്‍ നേതാവ് കൂടിയായ സെനറ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ മൗലാന അബ്ദുല്‍ ഗഫൂര്‍ ഹൈദരിക്കാണ് പരിക്കേറ്റത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
സ്‌ഫോടനത്തില്‍ ഹൈദരിയുടെ ഡ്രൈവര്‍ മരിച്ചു. ഹൈദരിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള മസ്തുംഗിലെ സെമിനാരിയില്‍ മതപ്രഭാഷണത്തിന് ശേഷം പുറത്തേക്ക് വരുമ്പോഴായിരുന്നു സ്‌ഫോടനം. ചാവേര്‍ ആക്രമണമാണെന്നു പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുല്‍ റസാഖ് ചീമ വ്യക്തമാക്കി. പരിക്കേറ്റ ഹൈദരിയെ സിവില്‍ ആസ്പത്രിയിലേക്കു മാറ്റി. സ്‌ഫോടനത്തില്‍ ഗുരുതരമല്ലാത്ത പരിക്കുകള്‍ പറ്റിയതായി ഹൈദരി പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തലനാരിഴയ്ക്കാണ് ഹൈദരി രക്ഷപെട്ടതെന്നു ജില്ലാ പൊലീസ് ചീഫ് ഗാസന്‍ഫര്‍ അലി വ്യക്തമാക്കി. സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്നും ഉപാധ്യക്ഷന്‍ അബ്ദുല്‍ ഗഫൂര്‍ ഹൈദരിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നും സെനറ്റ് ചെയര്‍മാന്‍ റാസാ റബ്ബാനി പറഞ്ഞു. ബലൂചിസ്താന്‍ ചീഫ് സെക്രട്ടറിയുമായി സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ തേടി. ഹൈദരിയെ വിമാനമാര്‍ഗം മാറ്റുന്നതിനെപ്പറ്റി അന്വേഷിച്ചതായും ചെയര്‍മാന്‍ പറഞ്ഞു.
പാക് പ്രധാനനന്ത്രി നവാസ് ഷെരീഫ് സ്‌ഫോടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് തേടി. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ബലൂചിസ്താന്‍ മുഖ്യമന്ത്രി നവാബ് സനാവുള്ള ഖാന്‍ നെഫ്രി ആഭ്യന്തര വകുപ്പിനോട് വിശദീകരണം തേടി.