കോഴിക്കോട്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 36 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. കേരളത്തില്‍ കനത്ത മഴക്കുള്ള സാധ്യതമുന്നില്‍ കണ്ട് വന്‍ തയ്യാറെടുപ്പുകളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി.
തൃശൂർ ചിമ്മിനി ഡാം, തെന്മല പരപ്പാർ ഡാം എന്നിവ തുറന്നു. ചിമ്മിനി ഡാമിലെ ഷട്ടര്‍ 25 സെന്റീമീറ്ററായാണ് ഉയർത്തിയത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയുലെ 21 ഷട്ടറുകളും തുറന്നു. ബാക്കി ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ തോട്ടപ്പള്ളി പൊഴി കൂടുതല്‍ വീതി കൂട്ടുകയാണ്.
ഇടുക്കിയില്‍ മാട്ടുപ്പെട്ടി, മൂന്നാര്‍ മേഖലകളില്‍ കനത്ത മഴയാണ് ഇന്നലെ പെയ്തത്. മണ്ണിടിച്ചിലുണ്ടാകുമെന്നതിനാല്‍ നെല്ലിയാമ്പതിയിലേക്കുളള വിനോദ സഞ്ചാരികളുടെ യാത്രയ്ക്കു നിരോധനം ഏര്‍പ്പെടുത്തി. മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവരേയും നിരുത്സാഹപ്പെടുത്തുതയാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള നെല്ലിയാമ്പതി, അട്ടപ്പാടി, കരടിയോട് എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.