സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഏതൊരു ജീവനും മൂല്യമുള്ളതാണെന്നും അത് റോഡില്‍ പൊലിയേണ്ടതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിരവധി എഞ്ചിനീയര്‍മാര്‍ ഉണ്ടായിട്ടും റോഡുകള്‍ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
കുന്നംകുളം റോഡിന്‍റെ അവസ്ഥയെന്തെന്ന് കോടതി ചോദിച്ചു. റോഡ് തകര്‍ന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോര്‍ഡ് വച്ചിട്ടുണ്ടോയെന്നും എന്നിട്ടാണ് ഹെല്‍മെറ്റില്ലാത്തതിന്‍റെ പേരിലും ഓവര്‍ സ്പീഡിനും ഫൈന്‍ പിടിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേരളത്തില്‍ നല്ല റോഡില്ല എന്നല്ല പറഞ്ഞതെന്നും എന്നാല്‍ തകര്‍ന്ന റോഡുകള്‍ പുതുക്കിപ്പണിയാന്‍ നടപടിയെടുക്കാത്തതിലാണ് ചോദ്യമുയരുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കുകയെന്നതാണ് സാധാരണക്കാരന്‍റെ ചോദ്യം. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. എപ്പോള്‍ പുതിയൊരു കേരളം കാണാനാകുമെന്നും റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ നികുതി തരുന്നില്ലേയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇന്ത്യയിലെക്കാള്‍ മഴ പെയ്യുന്ന സ്ഥലങ്ങള്‍ ലോകത്തുണ്ട്. അവിടെയൊന്നും റോഡുകളില്ലേയെന്ന് കോടതി വിമര്‍ശിച്ചു.
തനിക്കുണ്ടായ കുഴിയടയ്ക്കല്‍ എന്നാല്‍, മണ്ണിടുകയല്ല വേണ്ടത്അനുഭവം വെച്ച് മാത്രമല്ല ഇത് പറയുന്നതെന്നും കോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും റോഡിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
റോഡുകളുടെ കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ ഇടപെടാത്തതെന്തെന്ന് കോടതി ചോദിച്ചു. റോഡിലെ കുഴി മനുഷ്യനിര്‍മ്മിത ദുരന്തമായി ജില്ലാ കളക്ടര്‍മാര്‍ കണക്കാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അടുത്താഴ്ച്ചത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ വാഹനം റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടിരുന്നു.
കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടി വരും.രാഷ്ട്രീയ പാര്‍ട്ടികളുടെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലാണ് വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പേരിലുള്ള ബോര്‍ഡുകള്‍ എടുത്തു മാറ്റിയിട്ടില്ല. ആരെയാണ് പേടിക്കുന്നതെന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായതുകൊണ്ട് പേടിച്ചിരിക്കുകയാണോയെന്നും കോടതി ചോദിച്ചു. പിഴയീടാക്കി നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.