പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിങിനും എത്തുന്നതും നിയമലംഘിച്ച് നിരത്തിലിറങ്ങുന്നതും തടയാൻ വിനോദ കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ സംസ്ഥാനപാതകൾ, ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുക. വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പ്രധാന ടൗണുകൾ തീരദേശ മേഖല, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ചും റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്ത് ബോധവത്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘനങ്ങൾക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്.
ആഘോഷ ദിവസങ്ങളിൽ നിരത്തിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്ജി മലപ്പുറം ജില്ലാ
ആർ.ടി.ഒ സി.വി.എം ഷരീഫ്. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗത, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ആർ.ടി.ഒ പറഞ്ഞു. രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനവുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ആർ.ടി.ഒ അറിയിച്ചു.