X
    Categories: indiaNews

സിനിമാ സ്റ്റൈലില്‍ ക്ലിനിക്കില്‍ നിന്നും ഡോക്ടറെ തട്ടികൊണ്ട് പോയി; വഴിമധ്യേ പ്രതികളെ പിടികൂടി പൊലീസ്

ഹൈദരാബാദ്: ഡെന്റല്‍ ക്ലിനിക്കില്‍ നിന്നും ഡോക്ടറെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ അക്രമിസംഘത്തെ പിടികൂടി ഡോക്ടറെ മോചിപ്പിച്ച് പൊലീസ്. ചൊവ്വാഴ്ച ഹൈദരാബാദിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം.

ഹൈദരാബാദില്‍ സ്വകാര്യ ക്ലിനിക്കില്‍ രോഗികള്‍ എന്ന വ്യാജേന ബുര്‍ഖ ധരിച്ചെത്തിയ സംഘമാണ് ഡോക്ടര്‍ ബെഹ്ജാസ് ഹുസൈനെ തട്ടിക്കൊണ്ടുപോയത്. സിനിമാ സ്‌റ്റൈലില്‍ കാറില്‍ പിടിച്ചുകയറ്റിയാണ് ഡോക്ടറെ കൊണ്ടുപോയത്. എന്നാല്‍ വിവരമറിഞ്ഞ തെലങ്കാന പൊലീസ് ബംഗ്ലൂരുവിലേക്കുളള വഴിമധ്യേ ഡോക്ടറെ രക്ഷിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകള്‍ വിവിരമറിഞ്ഞതിന് പിന്നാലെ അനന്തപുര്‍ ജില്ലയിലെ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച ഓപ്പറേഷന്‍ മുസ്‌കാനിലൂടെയാണ് ഡോക്ടറെ രക്ഷിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ദന്തഡോക്ടറെ സംബന്ധിച്ച തെലങ്കാന പൊലീസിന്റെ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.

തട്ടിക്കൊണ്ടുപോയ ഡോക്ടറെ ഹൈദരാബാദിലെ അജ്ഞാതമായ സ്ഥലത്ത് മുറിയില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറെ അക്രമിസംഘത്തിലെ മറ്റു നാലുപേര്‍ക്ക് കൈമാറി ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ വിവരമറിഞ്ഞ പൊലീസ്, ബംഗളൂരു ലക്ഷ്യമാക്കി നീങ്ങിയ സംഘത്തെ വഴിമധ്യേ വാഹനം തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. അനന്തപൂരില്‍ വച്ചാണ് അക്രമി സംഘത്തിന്റെ വാഹനം പൊലീസ് തടഞ്ഞത്. ഡോക്ടറെ രക്ഷിക്കുകയും മുഖ്യപ്രതി ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ച നാലുപേരെ പൊലീസ് പിടികൂടുകയുമുണ്ടായി. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഡോക്ടറെ തട്ടികൊണ്ട് പോയതിന് പിന്നാലെ ബിറ്റ്കോയിന്‍ രൂപത്തില്‍ പത്തു കോടി രൂപ ഡോക്ടറുടെ കുടുംബത്തോട് മോചനദ്രവ്യമായി അക്രമിസംഘം ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ സജീവമായിരുന്ന ഡോക്ടറില്‍ നിന്നും പണം തട്ടല്‍ ആകണം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

chandrika: