മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ക്രൊയേഷ്യ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരില്‍ ഡെന്‍മാര്‍ക്ക് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ ഗ്രൂപ്പ് ഇയില്‍ സെര്‍ബിയ കോസ്റ്ററിക്കയെ ഒരു ഗോൡന് തകര്‍ത്തു.
ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഐസ്്‌ലാന്റിനോട് സമനില വഴങ്ങിയപ്പോള്‍ ഇരുപകുതികളിലായി നേടിയ ഗോളുകളിലായിരുന്നു ആഫ്രിക്കന്‍ കരുത്തര്‍ക്കെതിരെ ക്രോട്ടുകളുടെ ജയം. 32-ാം മിനുട്ടില്‍ ഫ്രീകിക്കിനിടെ മാന്‍ഡ്‌സുകിച്ചിന്റെ ഗോള്‍ശ്രമം തടയാനുള്ള ശ്രമത്തില്‍ ഓഗ്നകാരോ ഇതിബോ സ്വന്തം വലയില്‍ പന്തെത്തിക്കുകയായിരുന്നു. 71-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ലൂക്കാ മോഡ്രിച്ച് വിജയം പൂര്‍ത്തിയാക്കി.
ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയില്‍ പൊരുതിക്കളിച്ച കോസ്റ്ററിക്കക്കെതിരെ അലക്‌സാണ്ടര്‍ കോളറോവിന്റെ ഗോളാണ് സെര്‍ബിയക്ക് വിജയമൊരുക്കിയത്. മികച്ച നിരവധി മുന്നേറ്റങ്ങള്‍ സെര്‍ബുകള്‍ നടത്തിയെങ്കിലും കോസ്റ്ററിക്കന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസും മികച്ച പ്രകടനം കാഴ്ചവെച്ചു. 56-ാം മിനുട്ടില്‍ കോളറോവ് ഫ്രീകിക്ക് വലയിലാക്കിയ ശേഷം കോസ്റ്ററിക്ക നിരവധി ആക്രമണങ്ങള്‍ നയിച്ചെങ്കിലും സെര്‍ബ് കോട്ട ഭേദിക്കാന്‍ കഴിഞ്ഞില്ല.
59-ാം മിനുട്ടില്‍ യൂസുഫ് പോള്‍സണ്‍ നേടിയ ഏക ഗോളിലാണ് ഡെന്‍മാര്‍ക്ക് പൊരുതിക്കളിച്ച പെറുവിനെ കീഴടക്കിയത്. മത്സരത്തിലുടനീളം പെറു ആധിപത്യം പുലര്‍ത്തിയെങ്കിലും അച്ചടക്കമുള്ള ഡെന്മാര്‍ക്ക് പ്രതിരോധം കളി വരുതിയിലാക്കി. പെറുവിന്റെ ക്രിസ്റ്റ്യന്‍ ക്യുവെ പെനാല്‍ട്ടി പാഴാക്കി. ഇതോടെ, കറുത്ത കുതിരകളാകുമെന്ന് പ്രവചിക്കപ്പെട്ട പെറുവിന് മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമായി.