സംസ്ഥാനത്ത് വേനല്‍മഴക്ക് പിന്നാലെ ഡെങ്കിപ്പനി പടരുന്നു. ഈ വര്‍ഷം ഇതുവരെ 1554 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ മാത്രം 219 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് ആകെ 39 ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 30 ഉം തിരുവനന്തപുരം ജില്ലയിലാണ്. ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിലെ ക്രമാധീതമായ വര്‍ധന ആശങ്കയുണ്ടാക്കുന്നതാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 159 പേരാണ് ഒരാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയത്. 19 പേര്‍ കോട്ടയം ജില്ലയിലും ഇക്കാലയളവില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കൊല്ലം ജില്ലകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കി ബാധിച്ച് ഈ വര്‍ഷം രണ്ട് മരണങ്ങളുണ്ടായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. നിരവധി കുട്ടികളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഡെങ്കിപ്പനി കൂടാതെ എച്ച് വണ്‍ എന്‍ വണ്‍, മലമ്പനി, എലിപ്പനി എന്നിവയും മിക്ക സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുകയാണ്.
മുന്‍കാലങ്ങളില്‍ മഴക്കാലത്തോടനുബന്ധിച്ചാണ് ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വേനല്‍മഴക്ക്് പിന്നാലെ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുകയാണ്. സ്ഥിതി ആശങ്കാജനകമെന്ന് കണ്ട് ബുധനാഴ്ച ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് അടിയന്തരമായി കൈക്കൊള്ളേണ്ട നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കി. നഗര,തീരദേശ മേഖലകളെ കൂടാതെ സംസ്ഥാനത്തെ മലയോര മേഖലകളിലും രോഗം പടര്‍ന്നുപിടിക്കുന്നുണ്ട്. കണ്ണൂര്‍ മട്ടന്നൂര്‍ നഗരത്തില്‍ മാത്രം പത്ത് പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടുതല്‍പേരിലേക്ക് പനി പടരുന്നതിനാല്‍ ഗുരുതരമായ സ്ഥിതിയാണുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ആസ്പത്രിയില്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. രോഗത്തിനെതിരെ മനുഷ്യ ശരീരത്തിന് പ്രകൃതിദത്തമായി പ്രതിരോധശേഷിയില്ല. സാധാരണ ഡെങ്കിപ്പനിയില്‍ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടും. സാധാരണ ഡെങ്കിപ്പനി മാരകമല്ലെങ്കിലും രക്തസ്രാവമുണ്ടാക്കുന്ന ഡെങ്കി ഹെമിറേജ് പനി മരണത്തില്‍ കലാശിച്ചേക്കാം. കൂടാതെ ഒന്നിലേറെ തവണ രോഗം ബാധിക്കുമ്പോഴും രോഗം മാരകമാകുന്നു. പ്രധാനമായും കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗം ഗുരുതരമാകുന്നത്. കൊതുക് നശീകരണത്തിന് ആരോഗ്യവകുപ്പ് വിവിധ പദ്ധതികള്‍ ചെയ്തുവരുന്നുണ്ടെങ്കിലും കാനകള്‍, ആള്‍ത്താമസമില്ലാത്ത പുരയിടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
കഠിനമായും തുടര്‍ച്ചയായും അനുഭവപ്പെടുന്ന വയറുവേദന, ചര്‍മം വിളറിയതും ഈര്‍പ്പമേറിയതും ആവുക, മൂക്ക്, വായ്, മോണ തുടങ്ങിയവയില്‍ കൂടിയുള്ള രക്തസ്രാവ്രം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോയുള്ള ഛര്‍ദ്ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍, ശ്വാസോച്ഛാസത്തിന് വൈഷമ്യം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഡെങ്കിപ്പനി ബാധിച്ചാല്‍ ഉയര്‍ന്ന പനിയുള്ളവരെ ഉടനെ ചികിത്സക്ക് വിധേയരാക്കണം. രോഗിയെ കൊതുകുവലക്കുള്ളില്‍ കിടത്തണം. അല്ലെങ്കില്‍ കൊതുക് കടക്കാത്ത മുറി സജ്ജീകരിക്കുക. പോഷകാഹാരവും ധാരാളം പാനീയങ്ങളും രോഗിക്കു കൊടുക്കുക. പനിയും രക്തസ്രാവവും ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
- 8 years ago
chandrika
Categories:
Video Stories