X

മലപ്പുറത്ത് കരുവാരക്കുണ്ടില്‍ ഒമ്പത് പേര്‍ക്ക് ഡെങ്കിപ്പനി :കൊതുകുകള്‍ പെരുകുന്നത് രോഗവ്യാപന തോത് കൂട്ടുമെന്നാണ് വിലയിരുത്തല്‍.

മലപ്പുറത്ത് കരുവാരക്കുണ്ടില്‍ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാകാതെ വ്യാപിക്കുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഡെങ്കിയുടെ വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കരുവാരക്കുണ്ടിലാണ്. ഒരാഴ്ച മുമ്പ് അഞ്ച് പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ഡെങ്കിപ്പനി വ്യാപിക്കുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഡെങ്കിപ്പനി വ്യാപിക്കുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് പ്രതിരോധ ബോധവത്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗ്രാമപഞ്ചായത്ത് ക്രിയാത്മകമായ രീതിയില്‍ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ തീവ്ര സര്‍വേയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയെങ്കിലും രോഗ വ്യാപന തോത് കുറഞ്ഞിട്ടില്ല. വെയിലും മഴയും ഇട കലര്‍ന്നുള്ള കാലാവസ്ഥ രോഗ വ്യാപന സാധ്യത കൂട്ടുന്നതാണത്രെ.തുരുമ്പോട, കണ്ണത്ത്, പുന്നക്കാട് വാര്‍ഡുകളില്‍ രണ്ട് പേര്‍ക്ക് വീതവും വാക്കോട്, അരിമണല്‍, കല്‍ക്കുണ്ട് വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കുമാണ് നിലവില്‍ ഡെങ്കിപ്പനിയുള്ളത്. ഉള്‍ഗ്രാമ പ്രദേശങ്ങളിലാണ് രോഗ വ്യാപനം ഉണ്ടായിട്ടുള്ളത്. മലവാരത്തോട് ചേര്‍ന്നുള്ള ഗ്രാമ പ്രദേശങ്ങളില്‍ കൊതുകുകളുടെ ഉറവിടം കൂടാന്‍ സാധ്യതയുണ്ട്. മഴയ്ക്ക് ശേഷമുള്ള വെയിലില്‍ കൊതുകുകള്‍ പെരുകുന്നത് രോഗ വ്യാപന തോത് ഇനിയും കൂട്ടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 

Chandrika Web: