സംസ്ഥാനത്ത് ഡെങ്കിപ്പനി മരണനിരക്ക് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. ഡെങ്കിപ്പനി കൂടുതല്‍ ബാധിച്ച 2017ല്‍ പോലും 37 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,994 പേര്‍ക്ക് അന്ന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഈ വര്‍ഷം 36 പേര്‍ ഇതിനകം മരിച്ചു. ഡെങ്കിലക്ഷണങ്ങളോടെ മരിച്ചവര്‍ വേറെയുമുണ്ട്. 3084 ഡെങ്കിപ്പനി കേസുകളാണ് ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ചത്. രോഗം തീവ്രമാകുന്നവരില്‍ അസാധാരണ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.
ശക്തമായ പനി, തലവേദന, കണ്ണിനുപിറകില്‍ വേദന, പേശിവേദന, ചര്‍മത്തില്‍ പാടുകള്‍ എന്നിവയാണ് ഡെങ്കിപ്പനി വന്നവരില്‍ സാധാരണ കാണുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരം ലക്ഷണങ്ങള്‍ ചില രോഗികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടിപ്പോള്‍. ‘മുതിര്‍ന്നവരില്‍ മസ്തിഷ്‌കജ്വരത്തിന് സമാനവും കുട്ടികളില്‍ അപസ്മാര സമാനവുമായ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. കരളിനെ ബാധിച്ച് എന്‍സൈം അളവുകള്‍ മാറല്‍, വൃക്കകളുടെ പ്രവര്‍ത്തനം താളംതെറ്റല്‍, ശ്വാസംമുട്ടല്‍, ചര്‍മരോഗങ്ങള്‍, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ചില രോഗികളില്‍ കാണുന്നതായി’ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബി. പദ്മകുമാര്‍ പറയുന്നു.’
ഡെങ്കിപ്പനി ഉപവിഭാഗം ഒന്നും രണ്ടുമാണ് സാധാരണ ഇവിടെ കണ്ടുവന്നിരുന്നത്. ഇപ്പോള്‍ ഉപവിഭാഗം മൂന്ന്, നാല് എന്നിവയുടെ സാന്നിധ്യം സൂചിപ്പിക്കപ്പെടുന്നുണ്ട്. വിവിധ ജനുസ്സില്‍പ്പെട്ട വൈറസുകളുടെ രോഗാണുബാധമൂലമാകാം ഇത്തരം അസാധാരണ ലക്ഷണങ്ങള്‍. ഡെങ്കിപ്പനിയൊടൊപ്പം എച്ച്1 എന്‍1, എച്ച്3 എന്‍2 തുടങ്ങി മറ്റെന്തെങ്കിലും പനി വന്നാലും സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു.
ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല് സീറോടൈപ്പില്‍പ്പെട്ടതുണ്ട്. ഒരു ഉപവിഭാഗംമൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ ആജീവനാന്ത പ്രതിരോധശക്തി ഉണ്ടാക്കും. എന്നാല്‍ ഇത് മറ്റു സീറോടൈപ്പുകള്‍ക്കെതിരേ സംരക്ഷണം നല്‍കില്ല. മറിച്ച് പ്രതിരോധവ്യവസ്ഥ പ്രശ്‌നത്തിലാവുകയും ചെയ്യുന്നു. അതിനാല്‍ നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസ്സില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോള്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് രോഗം സങ്കീര്‍ണമാവുന്നു.