ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റി എടുക്കാന്‍ ഇനിയൊരു അവസരം കൂടി ജനങ്ങള്‍ക്ക് നല്‍കുമോയെന്ന കാര്യത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി. ഡിസംബറിമന് ശേഷം പഴയ നോട്ടുകള്‍ മാറ്റി നല്‍കാത്ത റിസര്‍വ് ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള നോട്ടുനിരോധന പ്രഖ്യാപന വേളയില്‍ മാര്‍ച്ച് അവസാനം വരെ പഴയ നോട്ടുകള്‍ മാറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നതും കോടതി സൂചിപ്പിച്ചു. മാര്‍ച്ച് 31 വരെയുള്ള അവസരം പിന്നീട് കേന്ദ്രം ഡിസംബര്‍ 31 വരെയാക്കി വിജ്ഞാപനം ഇറക്കുകയായിരുന്നു.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മാറ്റിയ ചട്ടങ്ങള്‍ വിശദീകരിക്കണമെന്നും കോടതി കേന്ദ്രത്തോടും ആര്‍.ബി.ഐയോടും ആവശ്യപ്പെട്ടു. മാര്‍ച്ച് അവസാനം വരെ പഴയ നോട്ടുകളുടെ നിക്ഷേപം സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നെങ്കിലും നിയമപ്രകാരം അത് സാധ്യമല്ലെന്നായിരുന്നു അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ മറികടക്കുന്നതായിരുന്നു നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ പറഞ്ഞു. അവസരം നല്‍കാതെ ജനത്തിന് പണം നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെന്ന മുന്‍വിധിയെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ഏപ്രില്‍ പതിനൊന്നിന് വീണ്ടും കോടതി വാദം കേള്‍ക്കും. നോട്ടുകള്‍ മാറാന്‍ എന്‍.ആര്‍.ഐ.ക്കാര്‍ക്ക് മാത്രം സമയപരിധി അനുവദിച്ചതിനെക്കുറിച്ചും കോടതി ചോദിച്ചു. എന്‍ആര്‍ഐകളെ പോലെ ഡിസംബര്‍ 30നകം പഴയ നോട്ടുകള്‍ മാറ്റാന്‍ കഴിയാത്തവര്‍ക്കും കേന്ദ്രവും ആര്‍.ബി.ഐയും എന്തുകൊണ്ട് പ്രത്യേക പരിഗണന നല്‍കിയില്ലെന്നാണ് കോടതിയുടെ ചോദ്യം.