അമിത് ഷായ്‌ക്കെതിരായ വാര്‍ത്തകള്‍ മുക്കി മുഖ്യധാരാ മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചതില്‍ ബി.ജെ.പി, സഖ്യ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബി. ജെ. പിയിതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെന്ന് രേഖകള്‍. സംസ്ഥാന സഹകരണ ബാങ്കുകളിലെ ആകെ നിക്ഷേപമായ 6407.17 കോടിയില്‍ 3374.45 കോടിയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ്. ജില്ലാ സഹകരണ ബാങ്കുകളില്‍ മൊത്തം 22270.8 കോടിയുടെ അസാധു നോട്ടുകള്‍ നിക്ഷേപിച്ചപ്പോള്‍ ഇതില്‍ 14,293.71 കോടിയും ബി.ജെ.പി, സഖ്യ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു.
അതേ സമയം അമിത് ഷാക്കും, ബി.ജെ.പിക്കുമെതിരായ അസാധു നോട്ടുകള്‍ മാറ്റിയെടുത്ത വാര്‍ത്ത നല്‍കിയ പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം പിന്നീട് വാര്‍ത്ത പിന്‍വലിച്ചിരുന്നു. വാര്‍ത്ത പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആരെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതാദ്യമായല്ല അമിത് ഷായ്ക്കും ബി.ജെ.പിക്കുമെതിരായ വാര്‍ത്തകള്‍ ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ പിന്‍വലിക്കുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ച് അല്‍പ സമയത്തിനകം ടൈംസ് നൗ, ന്യൂസ് 18 വെബ്‌സൈറ്റ്, ഫസ്റ്റ് പോസ്റ്റ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവര്‍ പിന്‍വലിച്ചിരുന്നു. ന്യൂസ് 18, ഫസ്റ്റ്‌പോസ്റ്റ് തുടങ്ങിയവ അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. നേരത്തെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആസ്തികളില്‍ 300 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യ പിന്‍വലിച്ചിരുന്നു. അതേ സമയം നോട്ട് നിരോധനത്തില്‍ അമിത് ഷാ ഡയരക്ടറായ സഹകരണ ബാങ്ക് നേട്ടം കൊയ്ത സംഭവത്തില്‍ ബി. ജെ.പി അധ്യക്ഷനെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രംഗത്തെത്തി. കേവലം അഞ്ച് ദിവസത്തിനുളളില്‍ 750 കോടി; ‘നോട്ട് മാറല്‍’ മത്സരത്തില്‍ ഒന്നാം സ്ഥാനം താങ്കള്‍ ഡയറക്ടറായ ബാങ്കിന് ലഭിച്ചതില്‍ അമിത്ഷാ ജിക്ക് അഭിന്ദനങ്ങള്‍. നോട്ട് നിരോധനത്തിന് ദുരിതം അനുഭവിച്ച് ജീവിക്കുന്ന, സാമ്പത്തികമായി തകര്‍ന്ന കോടിക്കണക്കിന് ഇന്ത്യക്കാര്‍ താങ്കളുടെ ഈ നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു.രാഹുല്‍ ട്വീറ്റ് ചെയ്തു.