X

മോഡിയുടെ നോട്ട് നിരോധനം; കള്ളപ്പണത്തിന്റെ പേരില്‍ ഇത് വരെ അറസ്റ്റ് ചെയ്തത് 33 ബിജെപി നേതാക്കളെ

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി നേതാക്കളായ സഹോദരന്‍മാരെ കള്ളനോട്ടും കള്ളനോട്ടടി യന്ത്രവുമായി പിടികൂടിയ സാഹചര്യത്തില്‍ ബിജെപിയുടെ കള്ളപ്പണ ബന്ധം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. നോട്ട് നിരോധനത്തിന്റെ പിറ്റേദിവസം മുതല്‍ ഇന്നേവരെ കള്ളപ്പണത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതലും ബിജെപിക്കാരെന്നാണ് കണ്ടത്തല്‍. മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷം കള്ളനോട്ടും കള്ളപ്പണവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ രാജ്യത്ത് വിവിധയിടങ്ങളിലായി അറസ്റ്റിലായത് 33 ബിജെപി നേതാക്കള്‍. 30 കേസുകളിലാണ് ബിജെപി നേതാക്കള്‍ പ്രതികളായിട്ടുള്ളത്. കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ ആദായ നികുതിവകുപ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും കൈമാറിയിട്ടുണ്ട്.

നോട്ട് നിരോധനത്തിന്റെ പിറ്റേ ദിവസം തന്നെ രാജസ്ഥാനില്‍ ബിജെപിയുടെ നഗരസഭാ അദ്ധ്യക്ഷയെയും ഭര്‍ത്താവിനെയും അഴിമതി നിരോധന വകുപ്പ് പിടികൂടി. കൈക്കൂലിയായി വാങ്ങിയ ഒരു ലക്ഷം രൂപ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിരോധിച്ച ആയിരം നോട്ടുകളായിട്ടായിരുന്നു തുക. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ ഇവര്‍ കൈക്കൂലി വാങ്ങിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.

തമിഴ്നാട്ടില്‍ സേലം യുവമോര്‍ച്ച സെക്രട്ടറിയായ ജെവിആര്‍ അരുണില്‍ നിന്ന് 20.5 ലക്ഷം രൂപ കണ്ടെടുത്തു. പിടിച്ചെടുത്ത തുകയില്‍ 2000ന്റെ 926 പുതിയ നോട്ടുകളും ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ വിവിധകേസുകളിലായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയും 100 കിലോയിലധികം സ്വര്‍ണത്തിന്റെയും അന്വേഷണം ചെന്നെത്തിയതും ബിജെപി നേതാക്കളിലാണ്.

പശ്ചിമബംഗാളില്‍ മനീഷ് ശര്‍മയെന്ന ബിജെപി നേതാവില്‍ നിന്ന് 33 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. പത്തുലക്ഷം രൂപയും പുതിയ 2000ന്റെ നോട്ടുകളായിരുന്നു. മധ്യപ്രദേശ് മുന്‍മന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ വസ്വാനിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ പണവും ആയുധങ്ങളും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മഹാരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ പക്കല്‍ നിന്നും അസാധുവാക്കപ്പെട്ട കറന്‍സിയിലുള്ള 91.50 ലക്ഷം രൂപ കണ്ടെടുത്തു. ഗാസിയാബാദ് ബിജെപി മുന്‍അദ്ധ്യക്ഷന്‍ അശോക് മോംഗയില്‍ നിന്ന് മൂന്ന് കോടി രൂപയാണ് പിടിച്ചെടുത്തത്.
കര്‍ണാടകയില്‍ ആത്മഹത്യ ചെയ്ത രമേശ് ഗൗഡയുടെ ആത്മഹത്യാകുറിപ്പില്‍ ബിജെപി നേതാവായ ഗലി ജനാര്‍ദ്ദന റെഡ്ഡിയ്ക്കെതിരെ 100 കോടിരൂപയുടെ കള്ളപ്പണ ആരോപണമുണ്ടായിരുന്നു.

കള്ളപ്പണവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയും ആരോപണം ഉയര്‍ന്നു. അമിത് ഷാ ഡയറ്കറായിട്ടുള്ള അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം 500 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. ഗുജറാത്ത് ബിജെപി മന്ത്രി സഭാംഗമായ ശങ്കര്‍ഭായ് ചൗധരി അദ്ധ്യക്ഷനായ ഗുജറാത്ത് സഹകരണബാങ്കില്‍ 200 കോടി രൂപ നിക്ഷേപിക്കപ്പെട്ടതും വന്‍വിവാദത്തിന് വഴിവെച്ചിരുന്നു.

കേരളത്തില്‍ ബിജെപി നേതാക്കളായ സഹോദരന്‍മാരെ കള്ളനോട്ടും കള്ളനോട്ടടി യന്ത്രവുമായി പിടികൂടിയത് കഴിഞ്ഞയാഴ്ച്ചയാണ്. യുവമോര്‍ച്ച നേതാക്കളായ രാഗേഷ് ഏഴാച്ചേരിയുടെയും രാജീവ് ഏഴാച്ചേരിയുടെയും വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയും കണ്ടെടുത്തു. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകളാണ് കൊടുങ്ങല്ലൂര്‍ മതിലകത്തുള്ള ഇവരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്.

chandrika: