ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 33 പേര്‍ക്ക്. നോട്ട് നിരോധനം ഏഴ് ദിവസം പിന്നിടുമ്പോള്‍ പണം മാറ്റിവാങ്ങാന്‍ ബാങ്കിനു മുന്നില്‍ വരി നില്‍ക്കുന്നതിനിടെയാണ് ഭൂരിപക്ഷം പേരും മരണമടഞ്ഞത്. പണം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ആത്മഹത്യ ചെയ്തവരും കുറവല്ല. പഞ്ചാബില്‍ നിന്നാണ് ഇത്തരത്തിലുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.
മകളുടെ വിവാഹത്തിന് പണം മാറ്റിവാങ്ങാനെത്തിയ സുഖ്‌ദേവ് സിങ് വരിനല്‍ക്കുന്നതിനിടെ മരിക്കുകയായിരുന്നു. ഒഡീഷയിലെ സാംബല്‍പൂരില്‍ നോട്ട് പ്രതിസന്ധിയെത്തുടര്‍ന്ന് ചികില്‍സ കിട്ടാതെ രണ്ടു വയസുകാരന്‍ മരിച്ചതും നോട്ട് അസാധുവാക്കലിന്റെ ദുരന്ത സാക്ഷ്യമായി. കേരളത്തില്‍ നിന്ന് രണ്ടു മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
കണ്ണൂര്‍ തലശ്ശേരിയില്‍ പണം നിക്ഷേപിക്കാന്‍ അപേക്ഷ പൂരിപ്പിക്കുന്നതിനിടെ 45 കാരന്‍ ബാങ്ക് കെട്ടിടത്തില്‍ നിന്നും വീണു മരിക്കുകയായിരുന്നു. ആലപ്പുഴയില്‍ ബാങ്കില്‍ നിന്ന് പണം മാറാന്‍ ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്ന 75 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മധ്യപ്രദേശിലെ സാഗര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ ഓരോ മരണവും കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഒരാളും മരിച്ചു. ചികില്‍സ കിട്ടാതെ രാജസ്ഥാനിലെ പാലി ജില്ലയിലും മുംബൈയിലും നവജാത ശിശുക്കളും കൊമാലിയില്‍ പത്തൊന്‍പതുമാസം പ്രായമുള്ള കുഞ്ഞും സര്‍ക്കാരിന്റെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായവരില്‍പ്പെടും.