ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. രാജ്യത്തെ മുഴുവന്‍ സാമ്പത്തിക അനിശ്ചിതാവസ്ഥയിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിട്ട വിവാദ തീരുമാനത്തിന് ആറു വര്‍ഷം തികയുമ്പോഴാണ് കേസ് പരിഗണനക്ക് വരുന്നത്. ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ബെഞ്ചിലെ മറ്റ് അംഗങ്ങള്‍ ആരെന്ന് അറിവായിട്ടില്ല. സുപ്രീംകോടതിയുടെ പുതിയ കേസ് ലിസ്റ്റിങ് പ്രകാരം കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് നോട്ടു നിരോധന ഹര്‍ജിയും പരിഗണനക്ക് വരുന്നത്.
ഇതുപ്രകാരം ഇന്ന് നാല് ഭരണഘടനാ ബെഞ്ചുകളാണ് കേസുകള്‍ കേള്‍ക്കുക. അതില്‍ ഒന്നിനു മുമ്പാകെയാണ് നോട്ടു നിരോധനം ചോദ്യംചെയ്തുള്ള ഹര്‍ജിയും വരുന്നത്. 2016 നവംബര്‍ എട്ടിന് രാത്രിയാണ് രാജ്യത്ത് 500, 1000 രൂപ കറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
ഒറ്റ രാത്രികൊണ്ട് കൈയിലിരുന്ന സമ്പാദ്യങ്ങള്‍ക്ക് മൂല്യം നഷ്ടപ്പെടുന്നതറിഞ്ഞ ജനം പരിഭ്രാന്തരായി. നിരോധിച്ച കറന്‍സികളുടെ കൈമാറ്റത്തിനും മാറ്റിവാങ്ങുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ദരിദ്രരേയും സാധാരണക്കാരേയും തുല്യതയില്ലാത്ത നരകയാതനയിലേക്കാണ് തള്ളിവിട്ടത്. നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന ജനം തളര്‍ന്നു വീണു മരിച്ചു. കൈയില്‍ പണമുണ്ടായിരുന്നിട്ടും ചികിത്സ ലഭിക്കാതെ ജനം ദുരിതത്തിലായി. അടിയന്തര ചികിത്സകള്‍ പോലും ലഭിക്കാതെ പലരും മരണത്തിന് കീഴടങ്ങി.
നോട്ടു നിരോധനം വാണിജ്യ -വ്യവസായ മേഖലയിലുണ്ടാക്കിയ ആഘാതം ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും രാജ്യത്തെ നയിച്ചു.
കള്ളപ്പണം തടയാനായിരുന്നു ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതെന്ന സര്‍ക്കാര്‍ വാദം പകരം 2000 രൂപയുടെ കറന്‍സികള്‍ വിപണിയിലെത്തിച്ചതോടെ തന്നെ പൊളിഞ്ഞു. നോട്ടു നിരോധനം വഴി കള്ളപ്പണം തടയാന്‍ കഴിഞ്ഞില്ലന്ന് പിന്നീട് റിസര്‍വ് ബാങ്കും പാര്‍ലമെന്റ് മുമ്പാകെ കേന്ദ്ര സര്‍ക്കാറും തന്നെ പുറത്തുവിട്ട കണക്കുകള്‍ സാക്ഷ്യം നിന്നു. ആസൂത്രിതമായ പിടിച്ചുപറിയും സംഘടിതമായ കൊള്ളയും എന്നാണ് നോട്ടു നിരോധന നടപടിയെ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് വിശേഷിപ്പിച്ചത്.
നോട്ടു നിരോധനത്തിനായി സര്‍ക്കാര്‍ നിരത്തിയ എല്ലാ വാദങ്ങളും പൊളിഞ്ഞെങ്കിലും സര്‍ക്കാര്‍ നടപടിയിലെ ന്യായാന്യായം ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ മാത്രം ഇതുവരേയും അനക്കമുണ്ടായില്ല. 2016 ഡിസംബര്‍ 16നു തന്നെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം വൈകിയതോടെ ഹര്‍ജി ഫയലിലുറങ്ങി. കോവിഡ് മഹാമാരി അടക്കം പല പരീക്ഷണങ്ങളിലൂടെ ഇതിനിടെ ലോകം കടന്നുപോയി.