ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് 14 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ വിപണിയില്‍ നിന്ന് ഒറ്റയടിക്ക് പിന്‍വലിച്ചെങ്കിലും തിരിച്ചെത്തിയത് ഒന്നര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രം.
ഇതില്‍ മിക്കതും വിനിമയത്തിന് ഉപകരിക്കാത്ത രണ്ടായിരം രൂപയുടെ നോട്ടുകളും. സൂറിച്ച് ആസ്ഥാനമായ ആഗോള സാമ്പത്തിക ഏജന്‍സി ക്രഡിറ്റ് സൂയിസ് ഗ്രൂപ്പിന്റേതാണ് പഠനം. പിന്‍വലിച്ച നോട്ടുകള്‍ അത്രയും വിപണിയിലെത്താന്‍ മാസങ്ങളെടുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ട് നിരോധനം കാരണം 14.18 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകളാണ് ഒറ്റയടിക്ക് അസാധുവായത്.
1000, 500 നോട്ടുകളുടെ 2203 കോടി കറന്‍സികളാണ് പിന്‍വലിക്കപ്പെട്ടത്. രാജ്യത്തെ മൊത്തം കറന്‍സിയുടെ 86 ശതമാനം വരുമിത്. രാജ്യത്തെ നോട്ടുക്ഷാമം പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് 150 കോടി കറന്‍സികള്‍ ഇതിനകം അടിച്ചിട്ടുണ്ട്. (മൂന്ന് ലക്ഷം കോടി മൂല്യം വരും). എന്നാല്‍ ഇത് 2000ത്തിന്റെ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകളാണ്. വിപണിയില്‍ ശേഷിക്കുന്ന 14 ശതമാനം കറന്‍സി നോട്ടുകളുമായി ഇടപാട് നടത്താന്‍ ഇവയ്ക്ക് സാധ്യമല്ല. അതിനാല്‍ വിനിമയം സാധാരണ ഗതിയിലാക്കാന്‍ 500 രൂപയുടെ 2000 കോടി കറന്‍സികള്‍ പുറത്തിറക്കേണ്ടതുണ്ട്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേസമയം, ആര്‍.ബി.ഐ ഇതുവരെ അടിച്ചിറക്കിയ പുതിയ കറന്‍സി എത്ര, ഓര്‍ഡര്‍ എത്ര എന്നിനെ കുറിച്ചുള്ള ഔദ്യോഗിക വിവരം ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സുരക്ഷാ കാരണങ്ങളാല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് പുതുതായി എത്ര 500 രൂപയുടെ നോട്ടുകള്‍ അടിച്ചിറക്കിയെന്ന മദ്രാസ് ഹൈക്കോടതിയുടെ ചോദ്യത്തിന് നവംബര്‍ 18ന് ആര്‍.ബിഐ നല്‍കിയ മറുപടി.
നവംബര്‍ 10 മുതല്‍ 18 വരെ ബാങ്കുകളിലൂടെയും എടിഎമ്മുകളിലൂടെയും 1.03 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി ഈ മാസം 22ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.
5.44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളിലെത്തി. (33006 കോടി രൂപയുടെ നോട്ടുകള്‍ ആളുകള്‍ മാറിയെടുത്തു. 5.11 ലക്ഷം കോടി രൂപ നിക്ഷേപമായും എത്തി). 23ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആറ് ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയിട്ടുള്ളത്.
പുതിയ 500 രൂപയുടെ നാല് മുതല്‍ അഞ്ച് കോടി നോട്ടുകള്‍ വരെയാണ് കേന്ദ്ര ഒരു ദിവസം അടിച്ചിറക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇപ്രകാരം പോകുകയാണെങ്കില്‍ അടുത്ത വര്‍ഷം ജനുവരിയോടെ പിന്‍വലിച്ച നോട്ടുകളുടെ 64 ശതമാനം വിപണിയിലെത്തിക്കാനാകും.
ആര്‍.ബി.ഐ പ്രസ്സുകള്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒന്നര ഇരട്ടി ക്ഷമതയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജനുവരിക്ക് മുമ്പായി നോട്ട്ക്ഷാമം പരിഹരിക്കാനാകുമെന്നും എന്നാല്‍ അത് അസാധ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. പണക്ഷാമം അടുത്ത മാര്‍ച്ച വരെയെങ്കിലുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.