ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടില്ലെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വ്യക്തമാക്കി. നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് പി.എ.സി ചെയര്‍മാന്‍ കെ.വി തോമസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളിക്കൊണ്ടാണ് കമ്മിറ്റി ഇപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കെവി തോവസിന്റെ നിലപാടിനെതിരെ സമിതിയിലെ ബി.ജെ.പി അംഗങ്ങള്‍ രംഗത്തു വന്നിരുന്നു. മന്ത്രിമാരെ തെളിവെടുപ്പിനായോ, പരിശോധനകള്‍ക്കോ വിളിപ്പിക്കാന്‍ പി.എ.സിക്ക് ആവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. പ്രധാനമന്ത്രിയെ വിളിപ്പിക്കുമെന്ന കെ.വി തോമസിന്റെ പരാമര്‍ശം പാര്‍ലമെന്റ് നടപടികള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കമ്മിറ്റിയിലെ ബി.ജെ.പി അംഗം നിശികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കുകയുമുണ്ടായി.
കഴിഞ്ഞ യു.പി.എ ഭരണകാലത്ത് 2 ജി അഴിമതിക്കേസില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വിളിച്ചുവരുത്താനുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അന്നും പ്രധാനമന്ത്രിയെ വിളിച്ചുവരുത്താന്‍ സമിതിക്ക് കഴിഞ്ഞിരുന്നില്ല.