ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പ് വര്‍ദ്ധിച്ചതായും ആളുകള്‍ സ്വയം സൂക്ഷിക്കണമെന്നുമുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് എംപി. വന്‍ പരാജയമായ മോദിയുടെ നോട്ട് നിരോധനത്തിന് പിന്നാലെ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് വാചാലരാവുന്ന ബിജെപി നേതൃത്വത്തെ പരിഹസിച്ചാണ് മുന്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
ആദ്യം അവന്റെ ബോസ് ക്യാഷ്ലെസ്(ഡിജിറ്റല്‍ കറന്‍സി) എന്ന് പറഞ്ഞു. പിന്നീട് അത് കുറച്ച് പണമാവാമെന്നായി. ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കൊപ്പം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതായാണ് അവര്‍ പറയുന്നത്.
വാസ്തവത്തില്‍, 2016 നവംബര്‍ 8 ലെ നോട്ടുനിരോധനം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയായിരുന്നു!, ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.
കേരള പോലിസിന്റെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫ്രറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച കൊവിഡാനന്തര കാലഘട്ടത്തിലെ സൈബര്‍ സുരക്ഷയെക്കുറിച്ച് പ്രഭാഷണത്തിലാണ് ഡിജിറ്റല്‍ തട്ടിപ്പിനെ സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞത്. ഈ കാലഘട്ടത്തില്‍ സൈബര്‍ സുരക്ഷ വളരെയേറെ വെല്ലുവിളി നിറഞ്ഞതാണെന്നും ഏത് തരത്തിലുമുള്ള സൈബര്‍ അക്രമങ്ങള്‍ക്കും നമ്മള്‍ ഇരയാകാമെന്നുമായിരുന്നു, അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഓരോ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ അവര്‍ അറിയാതെ തന്നെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഉത്തരവാദിത്വപരമായ രീതിയില്‍ തന്നെ ഇന്റര്‍നെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, വര്‍ഷകാല പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിമാരുടെ സഹായം അഭ്യര്‍ത്ഥിച്ച നരേന്ദ്രമോദിയ്ക്ക് കോണ്‍ഗ്രസ് വിപ്പ് കൂടിയായ ജയ്റാം രമേശ് മറുപടി നല്‍കിയിരുന്നു. ലഡാക്കിലുള്ള ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതിന് പിന്നാലെയായിരുന്നു ജയ്റാം രമേശിന്റെ മറുപടി.
നിങ്ങള്‍(മോദി) പാര്‍മെന്റില്‍ ഇരിക്കുകയാണെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും നിങ്ങള്‍ക്ക് കഴിയണം. മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്. അതില്‍ ഒന്ന് കൊവിഡിനെ കുറിച്ചാണ്. മറ്റൊന്ന് സാമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിനെ കുറിച്ചാണ്. മറ്റൊന്ന് ചൈനയെ കുറിച്ചാണ്, ജയ്റാം രമേശ് ഉന്നയിച്ചു.
കോവിഡ് സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉയരുന്ന മിക്കവാറും ചോദ്യങ്ങളോടും ഈ സര്‍ക്കാറിന് ലജ്ജയില്ലാത്ത ഒറ്റ ഉത്തരം മാത്രമാണ് നല്‍കാന്‍ സാധിക്കുന്നത്: വിവരമില്ല എന്നതാണത്. ഇത് പാര്‍ലമെന്റിനെ പൂര്‍ണമായും പരിഹസിക്കുകയും ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയും ചെയ്യുന്നു! ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.