മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനത്തിനായി നിരത്തിയ ന്യായവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. കള്ളനോട്ടുകള്‍ പ്രചരിക്കുന്നതാണ് നോട്ടുനിരോധനത്തിന് കാരണമെന്ന വാദത്തില്‍ സംശയമുണ്ടെന്ന് കോടതി അറിയിച്ചു. 10,000 കോടി രൂപ പാകിസ്ഥാന്‍ കൊണ്ടു പോയെന്ന വാദം കെട്ടിച്ചമച്ചതാണെന്നും കോടതി വ്യക്തമാക്കി. കാഴ്ചശക്തി കുറഞ്ഞവര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ നോട്ടുകളും നാണയങ്ങളും പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കറന്‍സികളുടെ വലിപ്പവും മറ്റ് സവിശേഷതകളും ഇടയ്ക്കിടെ മാറ്റുന്നത് എന്തിനാണെന്നും കോടതി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയോട് ചോദിച്ചു.
‘വ്യാജ കറന്‍സിയാണ് നോട്ടുനിരോധനത്തിന് പിന്നിലെ കാരണമെന്ന് പറയുന്നതിലെ യാഥാര്‍ത്ഥ്യത്തില്‍ സംശയമുണ്ട്. 10,000 കോടി രൂപ പാക്കിസ്ഥാന്‍ കൊണ്ടുപോയെന്ന വാദം കെട്ടുകഥയാണെന്ന് നോട്ടുനിരോധനം തെളിയിച്ചു’ ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് എന്‍.എം ജംദാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
നോട്ടുകളുടെ വലിപ്പത്തില്‍ മാറ്റം വരുത്തിയത് എന്തിനാണെന്ന് ആര്‍.ബി.ഐ വിശദീകരണം നല്‍കണമെന്നും ഇതിനായി മൂന്നാഴ്ചത്തെ സമയം അനുവദിച്ചെന്നും കോടതി വ്യക്തമാക്കി. ലോകത്ത് എല്ലായിടത്തും കറന്‍സി നോട്ടുകള്‍ ഒരുപോലെയാണെന്ന് അറിയിച്ച കോടതി ഡോളര്‍ ഇപ്പോഴും പഴയതുപോലെ തുടരുകയാണെന്നും പിന്നെ ആര്‍ബിഐ എന്തിനാണ് നോട്ടുകളുടെ വലിപ്പം മാറ്റുന്നതെന്നും ചോദിച്ചു.
കള്ളപ്പണം തടയാനെന്ന പേരില്‍ 2016 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയത്. ഇതിനുശേഷം രാജ്യത്ത് പുതിയ 10, 20, 50, 100, 200 നോട്ടുകള്‍ പുറത്തിറക്കിയിരുന്നു.