ചെന്നൈ: 1000, 500ന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചുവെന്ന് തമിഴ് നടന്‍ വിജയ്. മതിയായ തയ്യാറെടുപ്പുകളോടെയാണ് പ്രഖ്യാപനം വന്നതെങ്കില്‍ ജനങ്ങള്‍ക്ക് ഇപ്പോഴുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പറ്റുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ 20 ശതമാനം വരുന്ന കള്ളപ്പണക്കാര്‍ ചെയ്ത പാതകത്തിന് 80 ശതമാനം വരുന്ന സാധാരണക്കാരാണ് അനുഭവിക്കുന്നതെന്നും വിജയ് കുറ്റപ്പെടുത്തി. കള്ളപ്പണം തിരിച്ചുപിടിക്കാനാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നിരുന്നാലും സര്‍ക്കാറിന്റെ നീക്കം രാജ്യത്തിന് ഗുണകരമാണെന്നും ഇത്തരത്തിലൊരു തീരുമാനം എടുക്കുമ്പോള്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കാണണമായിരുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനത്തിലെ പൊരുത്തക്കേടിനെതിരെ നിരവധി പ്രമുഖര്‍ ഇതിനകം പ്രതികരിച്ചുകഴിഞ്ഞു. നേരത്തെ ബി.ജെ.പി എം.പിയും നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗവുമായ സുബ്രമഹ്ണ്യ സ്വാമിയും പുതിയ നയം ആവിഷ്‌കരിക്കുന്നതില്‍ പിഴച്ചുവെന്ന് അഭിപ്രായപ്പെട്ടിരുന്നു.