ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് അവധി ദിവസങ്ങളില്‍ അടക്കം അധിക ജോലി എടുക്കേണ്ടി വന്ന പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നോട്ട് മാറ്റിനല്‍കുന്നതിനും നിക്ഷേപിക്കുന്നതിനുമായി ഉണ്ടായ അഭൂതപൂര്‍വമായ തിരക്കിനെ തുടര്‍ന്ന് അവധി പോലും എടുക്കാതെ അധിക സമയത്ത് ജോലി ചെയ്ത ജീവനക്കാര്‍ക്ക് ഇതിന്റെ വേതനം ഇതുവരെ ലഭ്യമായിട്ടില്ല. വേതനം ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ സമരം ചെയ്യാനാണ് പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ സംഘടനകളുടെ തീരുമാനം. ചില ബാങ്കുകളില്‍ ജീവനക്കാര്‍ 14 മണിക്കൂറോളം വിശ്രമമില്ലാതെ ജോലി ചെയ്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും എന്നിട്ടും അധികസമയ ജോലിക്ക് 11 മാസം പിന്നിട്ടിട്ടും വേതനം ലഭിച്ചിട്ടില്ലെന്ന്് ബാങ്ക് ജീവനക്കാര്‍ പറയുന്നു. എട്ടു ലക്ഷത്തോളം ബാങ്കു ജീവനക്കാരില്‍ നാലു ലക്ഷം പേര്‍ക്ക് വേതനം നല്‍കാനുണ്ട്. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇനിയും വേതനം ലഭ്യമായില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ജീവനക്കാരുടെ തീരുമാനമെന്ന് ഓള്‍ ഇന്ത്യാ ബാങ്ക്‌സ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കടാചലം പറഞ്ഞു. ഇതുവരെ ഒരു ബാങ്കും ജീവനക്കാര്‍ക്ക് നല്‍കാനുള്ള പണം പൂര്‍ണമായും നല്‍കിയിട്ടില്ല.
- 7 years ago
chandrika